ഗാന്ധിനഗർ: ദുബായ്–ടെൽ അവീവ് വിമാനത്തിൽ കോ-പൈലറ്റിന്റെ അക്രമം ചെറുത്ത് 174 യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഗുജറാത്ത് സർക്കാരിന്റെ ആദരം. ധീരതയ്ക്കുള്ള സംസ്ഥാനത്തിന്റെ പരമോന്നത പുരസ്കാരമായ ‘വിശിഷ്ട ഗുജറാത്ത് ഗരിമ അവാർഡ്’ (Vishisht Gujarat Garima Award) നൽകി അദ്ദേഹത്തെ ആദരിക്കുമെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു. 25 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. നിലവിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്മിത് മച്ചാർ ആരോഗ്യം വീണ്ടെടുത്ത ശേഷം പ്രത്യേക ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
ഗുജറാത്തിന്റെ ധീരപുത്രനാണ് സ്മിത് മച്ചാറെന്നും അദ്ദേഹത്തിന്റെ വീര്യത്തിൽ രാജ്യം മുഴുവൻ അഭിമാനിക്കുന്നുവെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സോഷ്യൽ മീഡിയയായ ‘എക്സി’ൽ കുറിച്ചു. കുത്തേറ്റ് രക്തത്തിൽ കുളിച്ചിട്ടും 174 യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാൻ അദ്ദേഹം കാട്ടിയ അസാധാരണ ധീരതയെ ലോകം മുഴുവൻ വണങ്ങുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൈലറ്റ് എത്രയും വേഗം സുഖം പ്രാപിക്കാനായി ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിൽ പ്രത്യേക പ്രാർത്ഥനകളും മഹാമൃത്യുഞ്ജയ മന്ത്രജപവും നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഗുജറാത്ത് ഉപമുഖ്യമന്ത്രി ഹർഷ് സംഘവിയും സ്മിത് മച്ചാറിനെ അഭിനന്ദിച്ചു.
കഴിഞ്ഞദിവസം ദുബായിൽ നിന്ന് ഇസ്രായേലിലെ ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് FZ1073 വിമാനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയ്ക്കിടെ കോക്ക്പിറ്റിൽ വെച്ച് കോ-പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയും വിമാനത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റിട്ടും മനോധൈര്യം കൈവിടാതെ കോ-പൈലറ്റിനെ പ്രതിരോധിച്ച സ്മിത്, കോക്ക്പിറ്റിന്റെ വാതിൽ അൺലോക്ക് ചെയ്യുകയായിരുന്നു. തുടർന്ന് ക്യാബിൻ ക്രൂവും യാത്രക്കാരും കോക്ക്പിറ്റിൽ പ്രവേശിച്ച് അക്രമിയെ കീഴ്പ്പെടുത്തി. പിന്നീട് വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.
ഗുജറാത്ത് സ്വദേശിയായ സ്മിത് മച്ചാറിന്റെ കുടുംബം വർഷങ്ങൾക്ക് മുൻപ് ഡൽഹിയിലേക്ക് കുടിയേറിയതാണ്. സ്കൂൾ വിദ്യാഭ്യാസം മുംബൈയിലായിരുന്നു. ഗുജറാത്തിലെ അമ്രേലി ജില്ലയിലെ സവർകുണ്ട്ല സ്വദേശികളാണ് അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാർ. സ്പൈസ്ജെറ്റിൽ ദീർഘകാലം സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം ഫ്ലൈദുബായിൽ എത്തിയത്. സംഭവത്തിൽ യു.എ.ഇ അധികൃതർ വിശദമായ അന്വേഷണം നടത്തിവരികയാണ്.
















Leave a Reply