ജോഡുകല്ലുവിൽ ആരാധനാ സൗകര്യത്തിനായി നിർമ്മിച്ച പന്തൽ പൊളിക്കരുത്: ശ്രീ രാജശേഖരാനന്ദ സ്വാമി

കാസർകോട്: ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി ജോഡുകല്ലുവിൽ നിർമ്മിച്ച പന്തൽ പൊളിച്ചുമാറ്റാനുള്ള നീക്കത്തിൽനിന്ന് അധികൃതർ പിന്തിരിയണമെന്ന് ഗുരുപൂർ ശ്രീ വജ്രദേഹി മഠാധിപതി ശ്രീ രാജശേഖരാനന്ദ സ്വാമി ആവശ്യപ്പെട്ടു. പൈവളികെ, മീഞ്ച, മംഗൽപ്പാടി അതിർത്തി പ്രദേശമായ ജോഡുകല്ലുവിൽ രൂപീകരിച്ച ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ വിനായക ചതുർത്ഥി ആഘോഷ ഭൂമി സംരക്ഷണ സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്വകാര്യ വ്യക്തികളും വിവിധ സംഘടനകളും സർക്കാർ ഭൂമി കൈയേറിയിട്ടുണ്ടെന്നിരിക്കെ, ആഘോഷങ്ങൾക്കായി താത്കാലികമായി നിർമ്മിച്ച പന്തൽ പൊളിച്ചുമാറ്റാനുള്ള നീക്കം നീതീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിയമവാഴ്ച ഭൂരിപക്ഷ സമൂഹത്തിന് മാത്രം ബാധകമാക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഭൂമി കൈയേറാനല്ല, മറിച്ച് ആരാധനാ സൗകര്യങ്ങൾക്ക് വേണ്ടിയാണ് പന്തൽ ഒരുക്കിയിട്ടുള്ളത്. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച വ്യക്തിയെ തിരുത്താൻ ബന്ധപ്പെട്ട രാഷ്ട്രീയ സംഘടന തയ്യാറാകണം. വിവിധ ക്ഷേത്രഭൂമികളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടിയെടുക്കാത്ത സാഹചര്യത്തിൽ, ബലം പ്രയോഗിച്ച് പന്തൽ പൊളിക്കാനുള്ള നീക്കത്തെ ഏത് വിധേനയും ചെറുക്കുമെന്നും ആവശ്യമെങ്കിൽ ഈ വിഷയത്തിൽ കർണാടകയിലെ ഭൂരിപക്ഷ സമൂഹവും അണിചേരുമെന്നും രാജശേഖരാനന്ദ സ്വാമിജി മുന്നറിയിപ്പ് നൽകി.

പൊളിക്കൽ നീക്കം ചെറുക്കുമെന്ന് ഭാരവാഹികൾ

ഒക്ടോബർ 26 തിങ്കളാഴ്ച പന്തൽ പൊളിച്ചുമാറ്റാനുള്ള നീക്കമുണ്ടായാൽ എന്തുവിലകൊടുത്തും തടയുമെന്ന് യോഗത്തിൽ പങ്കെടുത്ത വിവിധ സംഘടനാ ഭാരവാഹികൾ പ്രഖ്യാപിച്ചു.

സേവാഭാരതി പ്രസിഡന്റ് ദാമോദര ഉബരളെ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠത്തിലെ സ്വാമി സംപൂജ്യ പ്രേമാനന്ദ, ബ്രഹ്മശ്രീ രവീശന്ത്രി കുണ്ടാർ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി.വി. മുരളീധരൻ, ആർ.എസ്.എസ്. കണ്ണൂർ വിഭാഗ് കാര്യവാഹ് ലോകേഷ് ജോഡുകല്ല്, ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, കണ്ണൂർ മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാർ റൈ, ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് നൊണ്ട, വിഎച്ച്പി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. അനുരാഗ്, ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജൻ മുളിയാർ, യാദവ മഹാസഭ മഹിളാ വിഭാഗം ജനറൽ സെക്രട്ടറി ഇന്ദുലേഖ കരിന്തളം, സുരേഷ് കീഴൂർ, രാമകൃഷ്ണൻ വാഴുന്നോറടി, വസന്തി കുമ്പള, സങ്കപ്പ റൈ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *