ശാസ്ത്രരംഗത്ത് കാസർകോടിന് അഭിമാനം; ജപ്പാനിൽ ഉപരിപഠനത്തിനും സംയുക്ത ഗവേഷണത്തിനും അർഹനായി ശ്രീരാജ് പാക്കത്ത്

നീലേശ്വരം: ഇന്ത്യയിലെ യുവ ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമായി ജപ്പാൻ സർക്കാർ നടപ്പിലാക്കുന്ന അന്താരാഷ്ട്ര ഫെലോഷിപ്പ് പ്രോഗ്രാമായ ‘ലോട്ടസ് ബേസിക്’ (LOTUS Basic) പദ്ധതിയിലേക്ക് മലയാളി ഗവേഷകൻ ശ്രീരാജ് പാക്കത്ത് തിരഞ്ഞെടുക്കപ്പെട്ടു. ജപ്പാൻ സയൻസ് ആൻഡ് ടെക്നോളജി ഏജൻസി (JST) കർശനമായ മാനദണ്ഡങ്ങളോടെ രാജ്യവ്യാപകമായി നടത്തിയ തെരഞ്ഞെടുപ്പിലാണ് ശ്രീരാജ് ഈ നേട്ടം സ്വന്തമാക്കിയത്.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ശാസ്ത്ര-സാങ്കേതിക സഹകരണം വിപുലമാക്കുന്നതിന്റെ ഭാഗമായി പ്രതിവർഷം നൽകിവരുന്ന അന്താരാഷ്ട്ര ഫെലോഷിപ്പാണിത്. നിലവിൽ കാലിക്കറ്റ് സർവകലാശാലയിലെ നാനോസയൻസ് ആൻഡ് ടെക്നോളജി വിഭാഗത്തിൽ ഡോ. ഇ.എസ്. ഷിബുവിന്റെ മേൽനോട്ടത്തിൽ ഗവേഷണം നടത്തിവരികയാണ് ശ്രീരാജ്.

പദ്ധതിയുടെ ഭാഗമായി ജപ്പാനിലെ പ്രമുഖ ഗവേഷണ സ്ഥാപനമായ ടോക്കിയോ മെട്രോപോളിറ്റൻ സർവ്വകലാശാലയിൽ ഒരു വർഷത്തെ സംയുക്ത ഗവേഷണത്തിനാണ് അവസരം ലഭിച്ചിരിക്കുന്നത്. “നാനോ ക്ലസ്റ്റർ അധിഷ്ഠിത ഇലക്ട്രോണിക് സംയോജനവും ഊർജ്ജപരിവർത്തന സാങ്കേതിക വിദ്യകളും” എന്ന നൂതന വിഷയത്തിലാണ് ശ്രീരാജ് ഗവേഷണം നടത്തുക.

ഗവേഷണ കാലയളവിലെ പൂർണ്ണ താമസച്ചെലവും വിമാന യാത്രാ ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള എല്ലാ ചെലവുകളും ജപ്പാൻ സർക്കാരാണ് വഹിക്കുന്നത്. നീലേശ്വരം കാട്ടിപ്പൊയിൽ കാറളത്തെ കുളങ്ങാട്ടു വീട്ടിൽ മോഹനൻ – പ്രീതി ദമ്പതികളുടെ മകനാണ്. അഭിരാജ് പി. സഹോദരനാണ്. ഗവേഷണ പ്രവർത്തനങ്ങൾക്കായി അടുത്ത മാസം ശ്രീരാജ് ജപ്പാനിലേക്ക് തിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *