കാസര്‍കോട്ട് രണ്ട് വ്യത്യസ്ത എംഡിഎംഎ കേസുകളില്‍ പ്രതികള്‍ക്ക് ഒരു വര്‍ഷം വീതം തടവും പിഴയും

കാസര്‍കോട്: തളങ്കരയിലും തെക്കില്‍ പാലത്തിന് സമീപത്തും എംഡിഎംഎ പിടികൂടിയ രണ്ട് വ്യത്യസ്ത കേസുകളിലെ പ്രതികള്‍ക്ക് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി (രണ്ട്) ശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് ഓരോ വര്‍ഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയുമാണ് ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴ തുക അടച്ചില്ലെങ്കില്‍ രണ്ട് മാസം വീതം അധിക തടവ് അനുഭവിക്കേണ്ടിവരും.

തളങ്കര കെ.കെ പുറം ഫഹീസ് മന്‍സിലിലെ കെ.എം. അധിനന്‍ (32), പള്ളിക്കര ബേക്കല്‍ കല്ലിങ്ങാട്ടെ പി.കെ. അമീനുല്ല (29) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2018 നവംബര്‍ 30-നാണ് തളങ്കര കടവത്ത് വെച്ച് 2.21 ഗ്രാം എംഡിഎംഎയുമായി അധിനന്‍ പിടിയിലായത്. കാസര്‍കോട് സബ് ഇന്‍സ്‌പെക്ടര്‍ അജിത്ത് കുമാറും സംഘവുമാണ് പ്രതിയെ പിടികൂടിയത്. തുടര്‍ന്ന് അന്വേഷണം പൂര്‍ത്തിയാക്കി അന്നത്തെ വിദ്യാനഗര്‍ ഇന്‍സ്‌പെക്ടര്‍ മനോജ് വി.വി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

2021 ജൂണ്‍ 21-ന് തെക്കില്‍ പാലത്തിന് സമീപം കാറില്‍ കടത്തുകയായിരുന്ന 4.30 ഗ്രാം എംഡിഎംഎയുമായാണ് പി.കെ. അമീനുല്ലയെ മേല്‍പറമ്പ് പോലീസ് പിടികൂടിയത്. അന്നത്തെ മേല്‍പറമ്പ് സബ് ഇന്‍സ്‌പെക്ടര്‍ എസ്. ബൈജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി അന്നത്തെ മേല്‍പറമ്പ് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ പി കുറ്റപത്രം സമര്‍പ്പിച്ചു. അതേസമയം, ഈ കേസില്‍ പ്രതി ചേര്‍ത്തിരുന്ന രണ്ടാം പ്രതി അബൂബക്കര്‍ കെ.എമ്മിനെ (38) കോടതി വെറുതെ വിട്ടു.

പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ ചന്ദ്രമോഹനന്‍, അഡ്വ. ചിത്രകല എന്നിവര്‍ കോടതിയില്‍ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *