കാസർകോട്: 74 വയസ്സുകാരിയായ വയോധികയുടെ അണ്ഡാശയത്തിൽ വളർന്നിരുന്ന 11 കിലോയിലധികം ഭാരമുള്ള ഭീമാകാരമായ മുഴ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ കാസർകോട് ആസ്റ്റർ മിംസ് ആശുപത്രിയിലെ മെഡിക്കൽ സംഘം വിജയകരമായി നീക്കം ചെയ്തു. 31 സെന്റീമീറ്റർ നീളവും 28 സെന്റീമീറ്റർ വീതിയുമുള്ള അപൂർവ്വമായ രീതിയിൽ വളർന്ന മുഴയാണ് വിദഗ്ദ്ധ മെഡിക്കൽ സംഘം പുറത്തെടുത്തത്. ശസ്ത്രക്രിയയ്ക്കുശേഷം രോഗി ആശങ്കാജനകമായ ഘട്ടം തരണം ചെയ്ത് സുഖം പ്രാപിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
വയറിൽ കടുത്ത വീക്കവും അസ്വസ്ഥതകളുമായി ആശുപത്രിയിൽ എത്തിയ രോഗിയിൽ നടത്തിയ ശാസ്ത്രീയ പരിശോധനകളിലാണ് അണ്ഡാശയത്തിൽ ഖരരൂപത്തിൽ വളർന്ന സിസ്റ്റ് കണ്ടെത്തിയത്. അണ്ഡാശയത്തിൽ സാധാരണയായി 5 മുതൽ 10 സെന്റീമീറ്റർ വരെ വലുപ്പമുള്ള സിസ്റ്റുകളാണ് കണ്ടുവരാറുള്ളതെന്നിരിക്കെ, 28 സെന്റീമീറ്ററോളം വിസ്തൃതിയുള്ള വലിയ മുഴകൾ മെഡിക്കൽ രംഗത്ത് തന്നെ അത്യപൂർവ്വമാണ്.
വെല്ലുവിളിയായി ഉയർന്ന പ്രായവും മുഴയുടെ വലിപ്പവും
രോഗിയുടെ പ്രായവും (74 വയസ്സ്) മുഴയുടെ അസാധാരണമായ വലിപ്പവും ഭാരവുമാണ് ശസ്ത്രക്രിയയിൽ പ്രധാന വെല്ലുവിളിയുയർത്തിയത്. സർജിക്കൽ ഓങ്കോളജി സീനിയർ കൺസൽട്ടന്റ് ഡോ. അരവിന്ദ് എൻ, ഗൈനക്കോളജി സീനിയർ കൺസൽട്ടന്റ് ഡോ. വിദ്യ നമ്പ്യാർ സുരേഷ് ബാബു, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. മുഹമ്മദ് അമീൻ, അനസ്തെറ്റിസ്റ്റ് ഡോ. ഋഥ്വിക് എസ്. നമ്പീശൻ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
വിവിധ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനവും സമയോചിതമായ ഇടപെടലുമാണ് വലിയ അപകടസാധ്യതകൾ ഒഴിവാക്കി ശസ്ത്രക്രിയ പൂർണ്ണ വിജയത്തിലെത്തിക്കാൻ സഹായിച്ചതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സങ്കീർണ്ണവും അപൂർവ്വവുമായ ഇത്തരം ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കാൻ ആവശ്യമായ അത്യാധുനിക സർജിക്കൽ ഐ.സി.യു സംവിധാനങ്ങളും വിദഗ്ദ്ധ പരിചരണവും കാസർകോട് ആസ്റ്റർ മിംസിൽ സജ്ജമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.













Leave a Reply