കാസർകോട്: ബോവിക്കാനം മഞ്ചക്കല്ലിൽ റോഡ് മുറിച്ചുകടന്ന കാട്ടുപോത്ത് സ്കൂട്ടറിലിടിച്ച് രണ്ട് പേർക്ക് ഗുരുതര പരിക്ക്. ബി.എസ്സി നഴ്സിങ് വിദ്യാർത്ഥിനി കരിവേടകം തത്തടുക്കത്തെ സി.എം. ജിതിന, വാഹനം ഓടിച്ചിരുന്ന ആലത്തുംകടവിലെ പി. അമൽ രാജ് എന്നിവർക്കാണ് പരിക്കേറ്റത്.
തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ മഞ്ചക്കല്ലിൽ വെച്ചായിരുന്നു അപകടം. ഇരുവരും വീട്ടിൽ നിന്നും കാസർകോട്ടേക്ക് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ പെട്ടെന്ന് റോഡിലേക്ക് ചാടിയ കാട്ടുപോത്ത് സ്കൂട്ടറിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജിതിനയും അമൽ രാജും റോഡിലേക്ക് തെറിച്ചുവീണു.
നെഞ്ചിന് സാരമായി പരിക്കേറ്റ ജിതിനയെ ഉടൻ തന്നെ കാസർകോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ അമൽ രാജ് ചെർക്കളയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ (ICU) ചികിത്സയിലാണ്.
കഴിഞ്ഞ രണ്ട് വർഷമായി മഞ്ചക്കൽ പ്രദേശത്ത് കാട്ടുപോത്തുകളുടെ സാന്നിധ്യവും ഭീഷണിയുമുണ്ടെങ്കിലും, മനുഷ്യരെ നേരിട്ട് ആക്രമിക്കുന്ന സംഭവം ഇതാദ്യമായാണ് റിപ്പോർട്ട് ചെയ്യുന്നത്. ജനവാസ മേഖലയിൽ വന്യമൃഗശല്യം രൂക്ഷമാകുന്നതിൽ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.
















Leave a Reply