മസ്കറ്റ്: ഇന്ത്യയിലേക്ക് ചരക്കുമായി വരികയായിരുന്ന ‘എംവി കേപ് ഡാവോ’ എന്ന വാണിജ്യ കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഒമാനിലെ ഇന്ത്യൻ എംബസിയാണ് വിവരം ഔദ്യോഗികമായി അറിയിച്ചത്. ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശിയായ സൂരജ് യാദവ് ആണെന്ന് ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ മസ്കറ്റിലെ ഇന്ത്യൻ എംബസി അതീവ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്തു. കപ്പലിലെ മറ്റ് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഒമാൻ പ്രാദേശിക ഭരണകൂടവുമായും റോയൽ നേവിയുമായും ചേർന്ന് രക്ഷാപ്രവർത്തനവും തുടർനടപടികളും ഏകോപിപ്പിച്ചു വരികയാണെന്ന് എംബസി അറിയിച്ചു. ജീവനക്കാരുടെ കാര്യത്തിൽ റിക്രൂട്ട്മെന്റ് ആൻഡ് പ്ലേസ്മെന്റ് സർവീസസ് ലൈസൻസ് ഏജൻസികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
രണ്ട് ടോർപിഡോകൾ പതിച്ചതായി യൂണിയൻ
കപ്പലിന് നേരെ രണ്ട് ടോർപിഡോകൾ പതിച്ചതായി ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ എക്സ് പോസ്റ്റിലൂടെ വെളിപ്പെടുത്തി. ഇതിൽ ഒരെണ്ണം കപ്പലിന്റെ പോർട്ട് വശത്തെ സി-ഡെക്കിലെ ക്രൂ താമസസ്ഥലത്തും, രണ്ടാമത്തേത് എൻജിൻ റൂമിന് സമീപമുള്ള പോർട്ട് വശത്തെ ഹള്ളിലുമാണ് പതിച്ചതെന്നാണ് റിപ്പോർട്ട്. കപ്പലിൽ വൈപ്പറായി ജോലി ചെയ്തിരുന്ന സൂരജ് യാദവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് വിവരം.
കപ്പലിൽ ആകെ 28 ജീവനക്കാരുണ്ടായിരുന്നുവെന്നും ഇതിൽ 20 പേർ ഇന്ത്യക്കാരാണെന്നുമാണ് FSUI അവകാശപ്പെടുന്നത്. എന്നാൽ കപ്പലിൽ 19 ഇന്ത്യക്കാരാണ് ഉണ്ടായിരുന്നതെന്നാണ് ഇന്ത്യൻ എംബസി വ്യക്തമാക്കുന്നത്. പരിക്കേറ്റ മറ്റ് ജീവനക്കാരെ സുരക്ഷിതമായി കരയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയിട്ടുണ്ട്. കടലിലെ സുരക്ഷാ ഭീഷണികൾക്കെതിരെ അടിയന്തര നടപടി വേണമെന്ന് നാവിക സംഘടനകൾ ആവശ്യപ്പെട്ടു.
















Leave a Reply