സൗദിയില്‍ ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ: മുന്‍കൂട്ടി അറിയിച്ചില്ലെന്ന് ബംഗ്ലാദേശ്

ധാക്ക: സൗദി അറേബ്യയില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികളുടെ വധശിക്ഷ നടപ്പാക്കിയതില്‍ അതൃപ്തി വ്യക്തമാക്കി ബംഗ്ലാദേശ് സര്‍ക്കാര്‍. രാജ്യത്തെ മുന്‍കൂട്ടി അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയ നടപടിയെ ചോദ്യം ചെയ്ത് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം സൗദി അറേബ്യയോട് വിശദീകരണം തേടി.

സംഭവത്തില്‍ രാജ്യം കടുത്ത നിരാശ രേഖപ്പെടുത്തുന്നതായി ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കൊബിര്‍ വ്യക്തമാക്കി. സൗദി അറേബ്യയുമായി മികച്ച ഉഭയകക്ഷി ബന്ധമാണ് ഉള്ളതെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള വിവരവിനിമയത്തില്‍ എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് സൗദി ഭരണകൂടത്തോട് ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വധശിക്ഷയിലേക്ക് നയിച്ച കുറ്റകൃത്യത്തെക്കുറിച്ചും തുടര്‍ന്നുണ്ടായ നിയമനടപടികളെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് സൗദി സര്‍ക്കാരിനെ ഔദ്യോഗികമായി സമീപിച്ചിട്ടുണ്ടെന്ന് മറ്റൊരു വിദേശകാര്യ സഹമന്ത്രിയായ ശമാ ഒബെയ്ദ് ഇസ്‌ലാമും അറിയിച്ചു. സൗദിയില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമായ ശേഷം മൃതദേഹം നാട്ടിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുമെന്നും പ്രവാസികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുമെന്നും അവര്‍ വ്യക്തമാക്കി.

നേരത്തെ സൗദി അറേബ്യ കൈമാറിയ തടവുകാരുടെ പട്ടികയില്‍ ഇരുവരുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നുവെങ്കിലും, വധശിക്ഷ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ബംഗ്ലാദേശ് എംബസിക്ക് കൈമാറിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ മുപ്പത് ലക്ഷത്തോളം ബംഗ്ലാദേശ് സ്വദേശികളാണ് സൗദി അറേബ്യയില്‍ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്.

ഈ വര്‍ഷം ഇതുവരെ വിവിധ കേസുകളിലായി നൂറോളം പേരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പാക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ഭൂരിഭാഗവും മയക്കുമരുന്ന് കേസുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *