ജർമനിയിൽ അപ്പാർട്ട്‌മെന്റിന് തീപിടിച്ച് മൂന്ന് മലയാളികൾ മരിച്ചു

ബെർലിൻ: ജർമനിയിലെ ബോച്ചും (Bochum) നഗരത്തിലുള്ള റസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു. ഇടുക്കി ശാന്തിഗ്രാം സ്വദേശി സാബുവിന്റെ മകൾ നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി ജോയ്, എറണാകുളം കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ചത്. പുക ശ്വസിച്ച് അവശരായ അഞ്ച് പേരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

കെട്ടിടത്തിലെ രണ്ടാം നിലയിലുള്ള അപ്പാർട്ട്‌മെന്റിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിന് രണ്ടാഴ്ച മുൻപാണ് മരിച്ച മൂന്ന് പേരും ഇവിടേക്ക് താമസം മാറിയത്. ആറ് മാസം മുൻപാണ് നോവ സാബു ജോലി ആവശ്യങ്ങൾക്കായി ജർമനിയിലെത്തിയത്.

സാങ്കേതിക തകരാറല്ല അപകടത്തിന് കാരണമെന്നും അപ്പാർട്ട്‌മെന്റിന് മനഃപൂർവം തീയിട്ടതാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് ഇതേ കെട്ടിടത്തിൽ താമസിക്കുന്ന റൊമാനിയൻ പൗരനെ (41) പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തീപിടിത്തം ഉണ്ടാകുന്നതിന് തലേദിവസം താമസക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നതായി വിവരമുണ്ട്. സംഭവത്തിൽ ജർമൻ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ നോർക്കയും ഇന്ത്യൻ എംബസിയും വഴി ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കുമെന്ന് അധികൃതർ കുടുംബാംഗങ്ങളെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *