മസ്‌ക്കറ്റ്: ഒമാന്‍ തീരത്ത് കപ്പലിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി. നിക്കരാഗ്വൻ പതാകയുള്ള ‘എംടി പെട്രോ ഡോള്‍ഫിന്‍’ (MT Petro Dolphin) എന്ന ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ആകെ 11 ഇന്ത്യൻ നാവികരാണ് ഉണ്ടായിരുന്നത്.
സോഹര്‍ തുറമുഖത്തിന് സമീപം നങ്കൂരമിട്ടിരുന്ന പ്രദേശത്തുവെച്ച് ഞായറാഴ്ചയാണ് ആക്രമണം നടന്നത്. കപ്പലിലുണ്ടായിരുന്ന ഒമ്പത് ഇന്ത്യൻ നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായി കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. പ്രാദേശിക കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രക്ഷാപ്രവർത്തനത്തിനായി ബന്ധപ്പെട്ടവരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഒമാനിലെ ഇന്ത്യൻ എംബസിയും വ്യക്തമാക്കി.
മറ്റ് രണ്ട് കപ്പലുകൾക്ക് നേരെയും ആക്രമണം
ഇന്ത്യൻ നാവികരുണ്ടായിരുന്ന മറ്റ് രണ്ട് കപ്പലുകൾക്ക് നേരെയും കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ‘എം/ടി വാൽതേര’ (M/T Valthera – മാർഷൽ ദ്വീപ് പതാക) എന്ന ടാങ്കറിന് നേരെയും ആക്രമണമുണ്ടായി. എന്നാൽ കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ നാവികരും പൂർണ്ണ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഒക്ടോബർ 9-ന് അറേബ്യൻ ഗൾഫിൽ പനാമ പതാകയുള്ള ‘എംടി ജെം നമ്പർ 2’ (MT GEM NO.2) എന്ന ടാങ്കറിന് നേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു. ഈ കപ്പലിലുണ്ടായിരുന്ന 22 ഇന്ത്യക്കാരും സുരക്ഷിതരാണ്.
റിയാദ് വിമാനത്താവളത്തിൽ വീണ്ടും ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
അതിനിടെ, സൗദി അറേബ്യക്ക് നേരെയുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ ഹൂതി വിമതർ ശക്തമാക്കി. ശനിയാഴ്ചത്തെ ആക്രമണത്തിന് പിന്നാലെ ഞായറാഴ്ച റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണമുണ്ടായി. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.
ശനിയാഴ്ച റിയാദിലുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും 308 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബാലിസ്റ്റിക്-ക്രൂയിസ് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതികൾ വ്യക്തമാക്കി. മക്ക, മദീന ഒഴികെയുള്ള സൗദിയിലെ മറ്റ് വിമാനത്താവളങ്ങൾ ലക്ഷ്യമിടുമെന്ന് ഹൂതികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ പശ്ചിമേഷ്യൻ സമുദ്രപാതകളിലും വിമാനത്താവളങ്ങളിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.
















Leave a Reply