ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ഉപയോക്താക്കളെ ബുദ്ധിമുട്ടിച്ചുകൊണ്ട് പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും പ്രവർത്തനരഹിതമായി. ലോഗിൻ ചെയ്യാനും ന്യൂസ് ഫീഡ് പുതുക്കാനും സാധിക്കുന്നില്ലെന്നാണ് ഭൂരിഭാഗം പേരുടെയും പരാതി. ലോകവ്യാപകമായി നേരിട്ട സാങ്കേതിക തകരാറിന്റെ കൃത്യമായ കാരണം എന്താണെന്ന് മെറ്റ അധികൃതർ ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. എന്നാല്‍, സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ സാധിച്ചെന്നു വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡൗണ്‍ ഡിറ്റക്ടര്‍ പോലുള്ള പ്ലാറ്റ്ഫോമുകളിലും നിരവധി പേരാണ് ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഫേസ്ബുക് പെട്ടെന്ന് പണിമുടക്കിയതോടെ ഉപയോക്താക്കൾ കൂട്ടത്തോടെ മറ്റൊരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സ്’ (ട്വിറ്റർ) ഹാൻഡിലിലേക്ക് തിരിഞ്ഞിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി പേരാണ് എക്സിലൂടെ തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പങ്കുവെക്കുന്നത്.
ഫേസ്ബുക് അക്കൗണ്ടുകൾ പെട്ടെന്ന് ലോഗ് ഔട്ട് ആയെന്നും, പാസ്വേഡ് തെറ്റാണെന്ന സന്ദേശമാണ് കാണിക്കുന്നതെന്നും പലരും എക്സിൽ കുറിച്ചു. അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതാണോ എന്ന ആശങ്കയും ചില ഉപയോക്താക്കൾ പങ്കുവെച്ചിരുന്നു. #FacebookDown തുടങ്ങിയ ഹാഷ്ടാഗുകളോടെ നിമിഷനേരം കൊണ്ടാണ് ഈ വാർത്ത എക്സിൽ ട്രെൻഡിങ് ആയി മാറിയത്.
മുൻപും പണിമുടക്കി മെറ്റാ സേവനങ്ങൾ
ഫേസ്ബുക് ഇത്തരത്തിൽ വലിയ രീതിയിൽ പ്രവർത്തനരഹിതമാകുന്നത് ഇതാദ്യമല്ല. മുൻപും സമാനമായ രീതിയിൽ മെറ്റായുടെ കീഴിലുള്ള ഫേസ്ബുക്, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങൾ മണിക്കൂറുകളോളം പൂർണ്ണമായി സ്തംഭിച്ചിട്ടുണ്ട്.
- 2021 ഒക്ടോബർ: ഈ വർഷമുണ്ടായ ആഗോള തകരാറായിരുന്നു ഇതിൽ ഏറ്റവും വലിയത്. അന്ന് ഏകദേശം ആറ് മണിക്കൂറിലധികം സമയമാണ് ലോകമെമ്പാടും ഫേസ്ബുക് സേവനങ്ങൾ നിശ്ചലമായത്. ബിജിപി (ബോർഡർ ഗേറ്റ്വേ പ്രോട്ടോക്കോൾ) കോൺഫിഗറേഷനിലുണ്ടായ പിഴവായിരുന്നു അന്നത്തെ തകരാറിന് കാരണം.
- 2024 മാർച്ച്: സമാനമായ രീതിയിൽ സാങ്കേതിക തകരാർ മൂലം ദശലക്ഷക്കണക്കിന് ആളുകൾക്ക് ഫേസ്ബുക് ഉപയോഗിക്കാൻ കഴിയാതെ വന്നിരുന്നു.
















Leave a Reply