‘വിറയൽ ഇപ്പോഴും മാറിയിട്ടില്ല’; അഫ്ഗാനിസ്ഥാനിൽ താലിബാൻ തടഞ്ഞുവെച്ച മലയാളി വ്ലോഗർ അരുണിമ മോചിതയായി

കാബൂൾ / കൊച്ചി: അഫ്ഗാനിസ്ഥാനിലൂടെ തനിച്ച് യാത്ര ചെയ്യുന്നതിനിടെ താലിബാന്‍റെ പിടിയിലായ പ്രമുഖ മലയാളി ട്രാവൽ വ്ലോഗർ അരുണിമ (ബാക്ക്പാക്കർ അരുണിമ) സുരക്ഷിതയായി മോചിതയായി. തന്നെ താലിബാൻ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ഇന്ത്യൻ എംബസിയെ ബന്ധപ്പെടാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ട് അരുണിമ രാത്രി വൈകി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സന്ദേശം വലിയ ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ മണിക്കൂറുകൾ നീണ്ട ഭീതിക്കും അനിശ്ചിതത്വത്തിനും ഒടുവിൽ താലിബാൻ ഇവരെ വിട്ടയക്കുകയായിരുന്നു.

സംഭവിച്ചത് ഇങ്ങനെ:

അഫ്ഗാനിസ്ഥാനിലെ ബാമിയാൻ പ്രവിശ്യയിൽ എത്തിയപ്പോഴാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഒരു ലോറിയിൽ ലിഫ്റ്റടിച്ചാണ് അരുണിമ രാത്രി ഏഴു മണിയോടെ ബാമിയാനിൽ എത്തിയത്. സ്ത്രീകൾ തനിച്ച് പുറത്തിറങ്ങി നടക്കുന്നത് കടുത്ത കുറ്റമായി കാണുന്ന താലിബാൻ ഭരണകൂടത്തിന് കീഴിൽ, രാത്രി തനിച്ച് ഒരു സ്ത്രീ എത്തിയത് കണ്ടതോടെ നാട്ടുകാരും തുടർന്ന് താലിബാൻ ഉദ്യോഗസ്ഥരും തടിച്ചുകൂടുകയായിരുന്നു.

അരുണിമയോട് പാസ്‌പോർട്ടും വീസയും പരിശോധനയ്ക്കായി ആവശ്യപ്പെട്ടു. തുടർന്ന് കഴിഞ്ഞ 27 ദിവസമായി ഇവർ അഫ്ഗാനിസ്ഥാനിലൂടെ ഒറ്റയ്ക്കാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമായതോടെ താലിബാൻ സൈന്യം കടുത്ത നിയമലംഘനം ആരോപിക്കുകയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

‘കയ്യും കാലും പിടിച്ചാണ് രക്ഷപ്പെട്ടത്’

താലിബാൻ്റെ കർശന നിയമപ്രകാരം സ്ത്രീകൾക്ക് പുരുഷ തുണയില്ലാതെ (മഹ്റം) യാത്ര ചെയ്യാൻ അനുവാദമില്ല. പെർമിറ്റ് എടുക്കണമെങ്കിൽ പോലും ഒപ്പം ഒരു ഗൈഡ് വേണം. ജലാലാബാദിൽ നിന്ന് പെർമിറ്റിനായി ശ്രമിച്ചെങ്കിലും ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സഞ്ചരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് അധികൃതർ പെർമിറ്റ് നിഷേധിച്ചിരുന്നു.

ഇതൊന്നും വകവെക്കാതെ യാത്ര തുടർന്നതിനാണ് ഇപ്പോൾ തടഞ്ഞുവെച്ചതെന്നും, എന്തെങ്കിലും സംഭവിച്ചുപോകുമോ എന്ന കടുത്ത ഭയത്താലാണ് സോഷ്യൽ മീഡിയ വഴി സഹായം അഭ്യർത്ഥിച്ചതെന്നും അരുണിമ വ്യക്തമാക്കി. ഒടുവിൽ അധികൃതരുടെ കയ്യും കാലും പിടിച്ച് കരഞ്ഞ് അപേക്ഷിച്ച ശേഷമാണ് താലിബാൻ അറസ്റ്റ് ചെയ്യാതെ വിട്ടയച്ചതെന്നും താരം കുറിച്ചു.

ഇനി 500 കിലോമീറ്റർ യാത്ര; ലക്ഷ്യം ഉസ്ബെക്കിസ്ഥാൻ അതിർത്തി

നിലവിൽ താലിബാൻ്റെ പിടിയിൽ നിന്ന് മോചിതയായെങ്കിലും ഭയം പൂർണ്ണമായി വിട്ടുമാറിയിട്ടില്ലെന്ന് അരുണിമ പറഞ്ഞു. അഫ്ഗാൻ അതിർത്തി കടന്ന് ഉസ്ബെക്കിസ്ഥാനിലേക്ക് പ്രവേശിക്കാനാണ് നിലവിലെ നീക്കം.

“ഇനി ഉസ്ബെക്കിസ്ഥാൻ ബോർഡറിലേക്ക് കടക്കാൻ 500 കിലോമീറ്ററുകളോളം യാത്ര ചെയ്യേണ്ടതുണ്ട്. ബോർഡർ എത്തുന്നത് വരെ ശ്വാസമടക്കിപ്പിടിച്ചുള്ള യാത്രയായിരിക്കും. കള്ളം പറഞ്ഞേ ഇനി അവിടെയെത്താൻ സാധിക്കൂ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. ഒട്ടേറെ കോളുകളും സന്ദേശങ്ങളും വരുന്നുണ്ടെങ്കിലും ഒന്നിനും മറുപടി നൽകാൻ പറ്റിയ മാനസികാവസ്ഥയിലല്ല താനെന്നും” അരുണിമ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *