ഉപ്പളയിലെ മയക്കുമരുന്ന് കടത്തുകേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി കര്‍ണ്ണാടകയില്‍ പിടിയില്‍

ഉപ്പള: ഉപ്പളയിൽ കാറിൽ മയക്കുമരുന്ന് കടത്തിയ കേസിൽ മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്ന പ്രധാന പ്രതിയെ കുമ്പള പൊലീസ് കർണാടകയിൽ വെച്ച് പിടികൂടി. കോഴിക്കോട് തിരുവമ്പാടി സ്വദേശി ഗോഡ്വിൻ ചാക്കോയെ (33) ആണ് കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കർണാടകയിലെ മൈസൂരുവിൽ നിന്നാണ് ഇയാളെ പൊലീസ് സംഘം വലയിലാക്കിയത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സോങ്കാൽ അബ്ബാറിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 53 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി മംഗൽപ്പാടി അമ്പാർപള്ളത്തെ ഇദ്ദീൻകുഞ്ഞി എന്ന ഇഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് കൈമാറിയത് ഗോഡ്വിൻ ചാക്കോ ആണെന്ന വിവരം പൊലീസിന് ലഭിക്കുന്നത്.

തുടർന്ന് ചാക്കോക്ക് വേണ്ടി പൊലീസ് വിവിധ സ്ഥലങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ പ്രതി മൈസൂരുവിൽ എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം അവിടെയെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

കുമ്പള എസ്.എച്ച്.ഒയ്ക്ക് പുറമെ എ.എസ്.ഐ. സുധീഷ്, സിവിൽ പൊലീസ് ഓഫീസർ കിഷോർ, ഡ്രൈവർ ജാബിർ എന്നിവരും പ്രതിയെ പിടികൂടിയ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *