വധശ്രമക്കേസിൽ ജയിലിലായ യൂട്യൂബർ ഖാദർ കരിപ്പൊടിയെ പുറത്താക്കി കേരള ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റി

കൊച്ചി / കാസർകോട്: പ്രവാസി വ്യവസായിയെ വധിക്കാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ വിവാദ യൂട്യൂബർ ഖാദർ കരിപ്പൊടിയെ സോഷ്യൽ മീഡിയ കൂട്ടായ്മയായ കേരള ഇൻഫ്ലുവൻസേഴ്സ് കമ്മ്യൂണിറ്റിയിൽ (KIC) നിന്ന് പുറത്താക്കി. സംഘടനയുടെ മുൻ പ്രസിഡന്റും നിലവിലെ അംഗവുമായ ഖാദർ കരിപ്പൊടിയുടെ പ്രാഥമിക അംഗത്വം റദ്ദാക്കിയതായി KIC എക്സിക്യൂട്ടീവ് കമ്മിറ്റി ഔദ്യോഗികമായി അറിയിച്ചു.

സംഘടനയുടെ ബൈലോയ്ക്കും അച്ചടക്ക നടപടിക്രമങ്ങൾക്കും വിധേയമായാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അടിയന്തര തീരുമാനമെന്ന് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇതോടെ സംഘടനയുമായി ഖാദർ കരിപ്പൊടിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും നേതൃത്വം അറിയിച്ചു.

ഉദുമ സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുൽ അഹദിനെ കാസർകോട്ടേക്ക് വിളിച്ചുവരുത്തി ഇന്റർലോക്ക് കട്ടകളും പേനാക്കത്തിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കഴിഞ്ഞ ദിവസമാണ് ഖാദർ കരിപ്പൊടിയും കൂട്ടുപ്രതി അഷ്റഫും പോലീസിൽ കീഴടങ്ങിയത്. സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് കീഴടങ്ങിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്ത് കാസർകോട് സബ് ജയിലിലേക്ക് അയച്ചിരിക്കുകയാണ്.

പ്രവാസി വ്യവസായിയെ ആക്രമിച്ച കേസിന് പുറമെ, പോക്സോ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ സോഷ്യൽ മീഡിയ വഴി വീഡിയോ പ്രചരിപ്പിച്ച കേസ്, പോലീസിനെ ആക്രമിച്ച കേസ്, സാമ്പത്തിക തട്ടിപ്പ്, മതസ്പർധ വളർത്താൻ ശ്രമിക്കൽ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി പത്തോളം ക്രിമിനൽ കേസുകൾ ഖാദർ കരിപ്പൊടിക്കെതിരെ നിലവിലുണ്ട്. ഇയാളുടെ തുടർച്ചയായ ക്രിമിനൽ പശ്ചാത്തലവും വധശ്രമക്കേസിലെ അറസ്റ്റും സംഘടനയ്ക്ക് വലിയ രീതിയിൽ അപകീർത്തി ഉണ്ടാക്കിയ സാഹചര്യത്തിലാണ് കെ.ഐ.സി (KIC) കടുത്ത അച്ചടക്ക നടപടിയുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *