കാസർകോട്: പ്രവാസി വ്യവസായിയെ വധിക്കാൻ ശ്രമിച്ച കേസിൽ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രമുഖ യൂട്യൂബർ ഖാദർ കരിപ്പൊടിയെയും (അബ്ദുൽ ഖാദർ) കൂട്ടുപ്രതി അഷ്റഫിനെയും കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കിയ ഇരുപ്രതികളെയും സബ് ജയിലിലേക്ക് മാറ്റി. കേസിൽ പരാതിക്കാരനായ അബ്ദുൽ അഹദിന് വേണ്ടി അഡ്വ. നിഖിൽ നാരായണൻ ഹാജരായി. റിമാൻഡിലായതിന് പിന്നാലെ പ്രതികൾ കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
സുപ്രീം കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെയോടെയാണ് നാല് മാസത്തോളമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ കാസർകോട് ടൗൺ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.
സംഭവത്തിന് പിന്നിൽ സാമ്പത്തിക തർക്കം
കഴിഞ്ഞ ജൂൺ 27-ന് വൈകിട്ടായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഗൾഫിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഉദുമ സ്വദേശിയായ പ്രവാസി വ്യവസായി അബ്ദുൽ അഹദിനെ കാസർകോട്ടെ ഭക്ഷണശാലയ്ക്ക് സമീപത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഖാദർ കരിപ്പൊടിയും സംഘവും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്നാണ് കേസ്. റോഡിലിട്ട് ഇഷ്ടികയും ഇന്റർലോക്ക് കട്ടകളും പേനാക്കത്തിയും ഉപയോഗിച്ച് ക്രൂരമായി മർദിച്ചതിനെ തുടർന്ന് അബ്ദുൽ അഹദിന്റെ മുഖത്തും ശരീരഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
മുൻകൂർ ജാമ്യാപേക്ഷകൾ തള്ളി കോടതികൾ
കേസിൽ ഒളിവിൽ പോയ ഖാദർ കരിപ്പൊടി നേരത്തെ കാസർകോട് ജില്ലാ സെഷൻസ് കോടതിയെയും ഹൈക്കോടതിയെയും മുൻകൂർ ജാമ്യത്തിനായി സമീപിച്ചെങ്കിലും ഇരു കോടതികളും ഹർജി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ ആരോപണങ്ങളുടെ ഗൗരവവും പ്രതിക്കെതിരെയുള്ള മുൻകാല ക്രിമിനൽ പശ്ചാത്തലവും കണക്കിലെടുത്ത് സുപ്രീം കോടതിയും മുൻകൂർ ജാമ്യാപേക്ഷ നിരസിക്കുകയും അന്വേഷണ സംഘത്തിന് മുന്നിൽ നേരിട്ട് ഹാജരാകാൻ കർശന നിർദേശം നൽകുകയുമായിരുന്നു.
ഖാദർ കരിപ്പൊടിയെ കൂടാതെ അഷ്റഫ്, റാഷിദ് (സാക്കി) എന്നിവർക്കെതിരെ വധശ്രമത്തിന് ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. പോക്സോ അതിജീവിതയെ തിരിച്ചറിയുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിച്ച കേസ്, പോലീസിനെ ആക്രമിച്ച കേസ്, സാമ്പത്തിക തട്ടിപ്പ്, മതസ്പർധ വളർത്താൻ ശ്രമിക്കൽ തുടങ്ങി പത്തോളം കേസുകളിൽ ഖാദർ കരിപ്പൊടി പ്രതിയാണെന്ന് പോലീസ് അറിയിച്ചു.













Leave a Reply