കാസർകോട്: ജില്ലയിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനം ഓടിക്കുന്നതിനെതിരെ പൊലീസ് കർശന നടപടി തുടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 21 കേസുകൾ രജിസ്റ്റർ ചെയ്തു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരമാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്. പ്രായപൂർത്തിയാകാത്തവർ ഓടിച്ച ബുള്ളറ്റുകളും മറ്റ് മോട്ടോർ ബൈക്കുകളും സ്കൂട്ടറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടികൾക്ക് വാഹനം നൽകിയ മാതാപിതാക്കൾ, സഹോദരങ്ങൾ, വാഹന ഉടമകൾ എന്നിവർക്കെതിരെയാണ് മോട്ടോർ വാഹന നിയമപ്രകാരം കേസെടുത്തിട്ടുള്ളത്.
കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് 17-കാരൻ ഓടിച്ച സ്കൂട്ടർ ഹോസ്ദുർഗ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും വാഹനം നൽകിയ കുശാൽ നഗർ സ്വദേശിനിയായ സഹോദരിക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതേ സ്ഥലത്ത് നിന്ന് 16-കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി ആവിയിൽ സ്വദേശിനിയായ മാതാവിനെതിരെയും, ഇഖ്ബാൽ ജംഗ്ഷനിൽ 17-കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി കൊളവയൽ സ്വദേശിനിയായ ബന്ധുവിനെതിരെയും ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. പടന്നയിൽ നിന്ന് 16-കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി മാതാവിനെതിരെയും, ചെറുവത്തൂർ കുഴിഞ്ഞിടിയിൽ നിന്ന് 14-കാരൻ ഓടിച്ച സ്കൂട്ടർ കസ്റ്റഡിയിലെടുത്ത് പയ്യങ്കി സ്വദേശിയായ പിതാവിനെതിരെയും ചന്തേര പൊലീസ് നടപടി സ്വീകരിച്ചു.
മേൽപ്പറമ്പ് പൊലീസ് പരിധിയിൽ മാങ്ങാട് നിന്ന് 17-കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി മാതാവിനെതിരെയും, 16-കാരൻ ഓടിച്ച ബുള്ളറ്റ് പിടികൂടി വാഹന ഉടമയ്ക്കെതിരെയും കേസെടുത്തു. പൈക്കയിൽ 15-കാരൻ ഓടിച്ച ഇലക്ട്രിക് സ്കൂട്ടർ പിടികൂടി പിതാവിനെതിരെ ബദിയഡുക്ക പൊലീസും, കൊല്ലാടയിൽ നിന്ന് മറ്റൊരുകുട്ടിയെ പിറകിലിരുത്തി 16-കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി ചിറ്റാരിക്കാൽ പൊലീസും കേസെടുത്തു.
കുമ്പള പൊലീസ് പരിധിയിൽ ബന്തിയോട്, ഷിറിയ കുന്ന്, കുമ്പള എന്നിവിടങ്ങളിലായി നാല് കേസുകൾ രജിസ്റ്റർ ചെയ്തു. ബന്തിയോട് 16-കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി വാഹനം നൽകിയ മൊഗ്രാൽ സ്വദേശി അഷ്റഫിനെതിരെയും, ഷിറിയ കുന്നിൽ 17-കാരന്റെ സ്കൂട്ടറും 16-കാരന്റെ ബുള്ളറ്റും പിടികൂടി മാതാക്കൾക്കെതിരെയും, കുമ്പളയിൽ 17-കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടി പിതാവിനെതിരെയും കേസെടുത്തു.
ഉദുമ പള്ളത്ത് 17-കാരൻ ഓടിച്ച സ്കൂട്ടർ ബേക്കൽ പൊലീസും, മീപ്പുഗിരിയിൽ 17-കാരൻ ഓടിച്ച ബൈക്ക് കാസർകോട് പൊലീസും പിടികൂടി രക്ഷിതാക്കൾക്കെതിരെ കേസെടുത്തു. കല്ലടക്കുറ്റിയിൽ 17-കാരൻ ഓടിച്ച സ്കൂട്ടർ പിടികൂടിയ ബേഡകം പൊലീസ് വാഹനം നൽകിയ കൊളത്തൂർ സ്വദേശി അബ്ദുൾ ഖാദറിനെതിരെ നടപടിയെടുത്തു. ഉപ്പള പത്വാടിയിൽ നിന്ന് 17-കാരൻ ഓടിച്ച ബൈക്കും സ്കൂട്ടറും പിടികൂടിയ മഞ്ചേശ്വരം പൊലീസ് സഹോദരനും മാതാവിനുമെതിരെ കേസെടുത്തു. കോട്ടപ്പുറത്ത് നീലേശ്വരം പൊലീസും, പണാംകോട് രാജപുരം പൊലീസും പിതാക്കന്മാർക്കെതിരെ കേസെടുത്തു. ഇതിന് പുറമെ വിദ്യാനഗർ, കുമ്പള സ്റ്റേഷനുകളിൽ വൈകുന്നേരത്തോടെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിക്കുന്നത് മൂലമുണ്ടാകുന്ന അപകടങ്ങൾ തടയുന്നതിനുമാണ് പരിശോധന ശക്തമാക്കിയത്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലായി ഇതിനകം അറുപതിലേറെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്നും പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന ആർ.സി ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.















Leave a Reply