തിരുവനന്തപുരം: കിഫ്ബി ഇടപാടുകളിൽ വിജിലൻസ് അന്വേഷണം നടത്താൻ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കിഫ്ബിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച സുധാ പിള്ള കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. വിവിധ പദ്ധതികൾക്കായി ഭൂമി ഏറ്റെടുത്തതിലെ ക്രമക്കേടുകളും ചട്ടങ്ങൾ ലംഘിച്ചുള്ള നിയമനങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങൾ വിജിലൻസ് സംഘം പരിശോധിക്കും.
സംസ്ഥാനത്തെ എംഎൽഎമാരുടെയും മന്ത്രിമാരുടെയും ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ഇതുസംബന്ധിച്ച ബിൽ നാളെ നിയമസഭയിൽ പാസാക്കാനാണ് നീക്കം. എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം നിലവിലെ എഴുപതിനായിരം രൂപയിൽ നിന്ന് 98,000 രൂപയായി ഉയർത്തും. മന്ത്രിമാരുടെ ആനുകൂല്യം 1.08 ലക്ഷം രൂപയിൽ നിന്ന് 1.33 ലക്ഷം രൂപയായും വർധിപ്പിക്കും.
മറ്റ് പ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ:
പാലക്കാട് നെന്മാറയിൽ 2025 ജനുവരി 27-ന് കൊല്ലപ്പെട്ട സുധാകരന്റെ മകൾ അതുല്യയ്ക്ക് സർക്കാർ ജോലി നൽകാൻ തീരുമാനമായി. ഇളയ മകൾ അഖിലയുടെ തുടർപഠനത്തിനായി സർക്കാർ പ്രത്യേക ധനസഹായം നൽകും.
പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് സർക്കാർ ഭരണാനുമതി നൽകി. പദ്ധതി പ്രകാരം പട്ടികജാതി കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമുള്ള ഭവന നിർമ്മാണ സഹായം നാല് ലക്ഷം രൂപയിൽ നിന്ന് ആറ് ലക്ഷം രൂപയായും, പട്ടികവർഗ വിഭാഗത്തിനുള്ള ധനസഹായം ആറ് ലക്ഷത്തിൽ നിന്ന് എട്ട് ലക്ഷം രൂപയായും ഉയർത്തി.
2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്കായി ഷൂട്ടിംഗിൽ രണ്ട് വെള്ളി മെഡലുകൾ നേടിയ വിദർശ കെ. വിനോദിന് സർക്കാർ സർവീസിൽ ജോലി നൽകും.
സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാർശപ്രകാരം, 1958-ലെ കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസസ് റൂൾ പാർട്ട് 1 ഷെഡ്യൂൾ ലിസ്റ്റ് മൂന്നിലെ ഒബിസി പട്ടികയിൽ മാറ്റങ്ങൾ വരുത്തും. പട്ടികയിലെ എൻട്രി നമ്പർ 55-ൽ ‘പട്ടാരിയ’ (Pattariya) വിഭാഗത്തെയും, എൻട്രി നമ്പർ 62-ൽ ‘ശാലിയ’ (Saliya) വിഭാഗത്തെയും ഉൾപ്പെടുത്താൻ തീരുമാനിച്ചു.
പോലീസ് വകുപ്പിൽ പുനർവിന്യസിച്ച 86 എസ്ഐ തസ്തികകളിൽ 48 ഒഴിവുകൾ പിഎസ്സിക്ക് സ്ഥിരം ഒഴിവുകളായി റിപ്പോർട്ട് ചെയ്യും. സേനയിൽ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള പുരുഷ-വനിതാ നിയമന അനുപാതം നിലവിലെ 9:1 എന്നതിൽ നിന്ന് 7:3 ആയി വർധിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.














Leave a Reply