ഫോണില്‍ അപ്‌ഡേഷൻ ക്ലിക്ക് ചെയ്തതിന് പിന്നാലെ സ്‌ക്രീൻ ബ്ലാങ്കായി; ഇടക്കൊച്ചി സ്വദേശിക്ക് നഷ്ടമായത് ഒരു ലക്ഷത്തോളം രൂപ

കൊച്ചി: മൊബൈൽ ഫോണിൽ വന്ന സോഫ്റ്റ്‌വെയർ അപ്‌ഡേഷനിൽ ക്ലിക്ക് ചെയ്തതിന് പിന്നാലെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതായി പരാതി. ഇടക്കൊച്ചി സ്വദേശിയും പ്രിന്റിങ് പ്രസ്സ് ജീവനക്കാരനുമായ സുബിനാണ് ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായത്. സുബിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 98,888 രൂപയാണ് നഷ്ടപ്പെട്ടത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കെ അപ്‌ഡേഷൻ നോട്ടിഫിക്കേഷൻ കാണിക്കുകയും അതിൽ ക്ലിക്ക് ചെയ്തതോടെ ഫോൺ സ്ക്രീൻ പൂർണ്ണമായും കറുത്ത നിറമാവുകയുമായിരുന്നു. മൂന്ന് മിനിറ്റോളം ഇത്തരത്തിൽ ഫോൺ നിശ്ചലമായ ശേഷം തനിയെ ഓണായി. തുടർന്ന് ഗൂഗിൾ പേ വഴി പണം ഡെബിറ്റായ സന്ദേശം ഫോണിലെത്തുകയായിരുന്നു. ബാങ്കിങ് ആവശ്യങ്ങൾക്കായി ഫോൺ ഉപയോഗിക്കാതിരുന്ന സമയത്താണ് ഈ സംഭവം നടന്നതെന്ന് സുബിൻ പറയുന്നു.

പണം കൈമാറ്റം നടന്ന ഉടൻ തന്നെ സംശയാസ്പദമായ ഇടപാടാണെന്ന് മനസ്സിലാക്കി ബാങ്ക് അധികൃതർ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. അസമിലെ ഒരു ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ആദ്യം ട്രാൻസ്ഫർ ആയത്. അവിടെ നിന്ന് നിമിഷങ്ങൾക്കകം മറ്റ് നിരവധി അക്കൗണ്ടുകളിലേക്ക് പണം മാറ്റിയതായും വ്യക്തമായിട്ടുണ്ട്.

താൻ കഷ്ടപ്പെട്ട് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യമാണ് നഷ്ടപ്പെട്ടതെന്നും അക്കൗണ്ടിൽ നാല് രൂപ മാത്രമാണ് ഇനി ബാക്കിയുള്ളതെന്നും സുബിൻ പറഞ്ഞു. സംഭവത്തിൽ സൈബർ സെല്ലിലും ആഭ്യന്തര മന്ത്രിക്കും സുബിൻ പരാതി നൽകി. ഫോൺ ഹാക്ക് ചെയ്യപ്പെട്ടതാകാം തട്ടിപ്പിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *