കൊച്ചി: പ്രമുഖ വ്യവസായ ശൃംഖലയായ ലുലു ഗ്രൂപ്പിനെ വ്യാജ ഇമെയിൽ വഴി കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തു. വിദേശ കമ്പനിയുടെ വ്യാജ ഇമെയിൽ ഐഡി നിർമ്മിച്ച് ആൾമാറാട്ടം നടത്തിയാണ് വൻ തട്ടിപ്പ് അരങ്ങേറിയത്. ലുലു ഗ്രൂപ്പ് ലീഗൽ മാനേജർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
ലുലു ഗ്രൂപ്പുമായി ദീർഘകാലമായി ബിസിനസ് ബന്ധമുള്ള ഇറ്റാലിയൻ സ്ഥാപനമായ ‘IE Park S.R.L’ എന്ന കമ്പനിയുടെ പേര് ദുരുപയോഗം ചെയ്താണ് പണം തട്ടിയത്. മാളുകളിലേക്കും വിനോദകേന്ദ്രങ്ങളിലേക്കുമുള്ള അത്യാധുനിക ഗെയിമിംഗ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ ഈ ഇറ്റാലിയൻ കമ്പനിക്ക് ലുലു ഗ്രൂപ്പ് പണം നൽകാനുണ്ടായിരുന്നു. ഈ ഇടപാടുകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയ തട്ടിപ്പുകാർ കമ്പനിയുടെ ഔദ്യോഗിക മെയിൽ ഐഡിയോട് സാമ്യമുള്ള വ്യാജ വിലാസം നിർമ്മിച്ച് ആശയവിനിമയം നടത്തുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബർ 2 മുതൽ 29 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്. വ്യാജ മെയിൽ വഴി ലഭ്യമാക്കിയ ഇൻവോയ്സും ബാങ്ക് അക്കൗണ്ട് വിവരങ്ങളും വിശ്വസിച്ച് ലുലു ഗ്രൂപ്പ് അധികൃതർ തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് പണം കൈമാറുകയായിരുന്നു. പിന്നീട് ഇറ്റാലിയൻ കമ്പനിയുമായി യഥാർത്ഥത്തിൽ ബന്ധപ്പെട്ടപ്പോഴാണ് പണം അവർക്ക് ലഭിച്ചിട്ടില്ലെന്നും കമ്പനി വ്യാജ ഇമെയിൽ തട്ടിപ്പിന് ഇരയായതാണെന്നും വ്യക്തമായത്.
ബിസിനസ് ഇമെയിൽ കോംപ്രമൈസ് (BEC) രീതിയിലുള്ള ഈ വൻ തട്ടിപ്പിന് പിന്നിൽ രാജ്യാന്തര സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൊച്ചി സൈബർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.















Leave a Reply