തിരുവനന്തപുരം: പി പി ദിവ്യക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടു. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ നടന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ടെന്‍ഡര്‍ ഇല്ലാതെ കാര്‍ട്ടണ്‍ ഇന്ത്യ കമ്പനിക്ക് നിര്‍മ്മാണ കരാര്‍ നല്‍കി. കമ്പനി ദിവ്യയുടെ ബിനാമിയുടെതെന്നായിരുന്നു പരാതി. ദിവ്യയുടെയും ഭര്‍ത്താവിന്റെയും സ്വത്തും അന്വേഷിക്കും.
കെഎസ്യു ഉപാധ്യക്ഷന്‍ മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് അന്വേഷണം നടക്കുക. 17(A) പ്രകാരം അന്വേഷണത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുമതി നല്‍കിയിരുന്നില്ല. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ സെക്രട്ടറി അബ്ദുല്‍ ലത്തീഫിനെതിരെയും അന്വേഷണം നടക്കും.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് കരാറുകള്‍ നല്‍കിയ കമ്പനി ദിവ്യയുടെ ബെനാമി കമ്പനിയാണ് എന്നാണ് കെഎസ്‌യു നേതാവ് മുഹമ്മദ് ഷമ്മാസിന്റെ ആരോപണം. ദിവ്യ പ്രസിഡന്റ് ആയിരിക്കെ 11കോടിയോളം രൂപയുടെ കരാറുകള്‍ കമ്പനിക്ക് നല്‍കിയിരുന്നു. കാര്‍ട്ടന്‍ ഇന്ത്യ അലയന്‍സ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആസിഫും ദിവ്യയുടെ ഭര്‍ത്താവും ചേര്‍ന്നാണ് ഭൂമി ഇടപാടുകള്‍ നടത്തിയത്.
കണ്ണൂര്‍ പാലക്കയം തട്ടില്‍ മുഹമ്മദ് ആസിഫിന്റെയും ദിവ്യയുടെ ഭര്‍ത്താവ് അജിത്തിന്റെയും പേരില്‍ വാങ്ങിയത് നാലേക്കര്‍ ഭൂമിയാണെന്നും മുഹമ്മദ് ഷമ്മാസ് ആരോപിക്കുന്നു. സ്ഥലം രജിസ്റ്റര്‍ ചെയ്ത രേഖകള്‍ മുഹമ്മദ് ഷമ്മാസ് പുറത്തുവിടുകയും ചെയ്തിരുന്നു. മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണ വിധേയയായ പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.
നവീന്‍ ബാബുവിന്റെ മരണത്തില്‍ തിരിച്ചടികള്‍ നേരിട്ട ദിവ്യക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളാണ് കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസ് ഉന്നയിക്കുന്നത്. നേരത്തേയും പെട്രോള്‍ പമ്പുമായി ബന്ധപ്പെട്ടും ദിവ്യയുടെ ഭര്‍ത്താവിനെതിരെ ആരോപണങ്ങളുണ്ടായിരുന്നു.















Leave a Reply