പ്രധാനമന്ത്രിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന് പരാതി: മണ്ണാർക്കാട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്

പാലക്കാട്: കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിൽ വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. മണ്ണാർക്കാട് കല്ലടി എം.ഇ.എസ് കോളേജിലെ കണ്ടാലറിയാവുന്ന പതിനഞ്ചോളം വിദ്യാർത്ഥികൾക്കെതിരെയാണ് മണ്ണാർക്കാട് പോലീസ് കേസെടുത്തത്. നടപടി നേരിട്ടവരിൽ എസ്.എഫ്.ഐ, എം.എസ്.എഫ് പ്രവർത്തകരുണ്ടെന്നാണ് വിവരം.

ഒക്ടോബർ 13-നായിരുന്നു കേസിനാസ്പദമായ സംഭവം. കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിനിടെ വിദ്യാർത്ഥികൾ പ്രധാനമന്ത്രിയുടെ ചിത്രം നിലത്തിട്ട് ചവിട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തുടർന്ന് മണ്ണാർക്കാട്ടെ ബിജെപി നേതാവ് ബിജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കലാപാഹ്വാനം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ ചിത്രം കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതെന്ന് എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 192 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *