കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രധാന പ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികൾക്കും ജാമ്യമില്ല. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. സുഹൈലിന് പുറമെ കാറിലുണ്ടായിരുന്ന നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷകളാണ് കോടതി നിരസിച്ചത്.
നേരത്തെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടർന്ന് 14 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായ സാഹചര്യത്തിലാണ് പ്രതികൾ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. എന്നാൽ, പുതിയ സിസിടിവി ദൃശ്യങ്ങളും ഡിജിറ്റൽ തെളിവുകളും ശബ്ദരേഖയും ലഭിച്ച സാഹചര്യത്തിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷനും പോലീസും ശക്തമായി വാദിച്ചു.
കുരുക്കായത് പ്രതി ജോയലിന്റെ ശബ്ദരേഖ
കേസിൽ സുഹൈലിനും മറ്റ് പ്രതികൾക്കും പ്രധാന തിരിച്ചടിയായത് മൂന്നാം പ്രതിയായ ജോയൽ സുഹൃത്തിനയച്ച ശബ്ദരേഖയാണ്. അപകടം നടന്നയുടൻ അയച്ച സന്ദേശത്തിൽ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടെന്ന് പോലീസ് ചൂണ്ടിക്കാട്ടി:
“സുഹൈൽ നന്നായി മദ്യപിച്ചിരുന്നു, അമിത വേഗതയിലാണ് അവൻ വാഹനം ഓടിച്ചത്. വരുന്ന വഴിക്ക് കാർ സ്കൂട്ടറിൽ തട്ടി, മൂന്നുപേർ മരിച്ചു. ഞങ്ങൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. നാട്ടുകാർ ഓടിക്കൂടിയപ്പോൾ ‘എന്റെ വാപ്പ നോക്കിക്കോളും’ എന്നാണ് സുഹൈൽ പറഞ്ഞത്…”
ഈ ശബ്ദരേഖ ശാസ്ത്രീയമായി പരിശോധിച്ച് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത് പ്രതികൾക്ക് വലിയ തിരിച്ചടിയായി.
ദാരുണമായ അപകടം
ഒക്ടോബർ മാസത്തിൽ പുലർച്ചെ പന്ത്രണ്ടരയോടെയാണ് അമിതവേഗതയിലെത്തിയ ആഡംബര കാർ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചുതെറിപ്പിച്ചത്. വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് സംഭവസ്ഥലത്തുതന്നെ ദാരുണമായി കൊല്ലപ്പെട്ടത്.
തൃക്കാക്കരയിലെ കരകൗശല വിപണനശാലയിൽ പാർട്ട് ടൈം ജോലി ചെയ്തിരുന്ന വിദ്യാർത്ഥികളായിരുന്നു മൂവരും. ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം രാത്രി ചായ കുടിച്ച് മടങ്ങുന്നതിനിടെയായിരുന്നു നാടിനെ നടുക്കിയ അപകടം ഉണ്ടായത്.
















Leave a Reply