പാലക്കാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നു. പാലക്കാട് ചേർന്ന ബസ് ഉടമകളുടെ ആറ് സംഘടനകൾ ഉൾപ്പെടുന്ന സംയുക്ത സമര സമിതി യോഗത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ, കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, കേരള ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി തുടങ്ങിയ പ്രമുഖ സംഘടനകളുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിക്കുന്നത്.
ഒക്ടോബർ പത്തിന് ഗതാഗത മന്ത്രിയുമായി ചർച്ച നടത്തിയെങ്കിലും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസ് ഉടമകൾ വ്യക്തമാക്കി. ഗതാഗത വകുപ്പ് മന്ത്രി കെ.എസ്.ആർ.ടി.സിക്ക് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്നും സ്വകാര്യ ബസ് മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ വീണ്ടും കമ്മീഷനെ നിയോഗിച്ച സർക്കാർ നടപടി അംഗീകരിക്കില്ലെന്നും സംയുക്ത സമിതി അറിയിച്ചു. കമ്മീഷനെ നിയോഗിക്കുന്നതിന് പകരം പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണുകയാണ് വേണ്ടതെന്നാണ് ഉടമകളുടെ ആവശ്യം.
സ്ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ഒരുക്കുന്ന ‘പ്രിയദർശിനി’ പദ്ധതി നടപ്പിലാക്കിയതോടെ കഴിഞ്ഞ നാല് മാസം കൊണ്ട് 12 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ബസുടമകൾ ആരോപിച്ചു. കനത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 400 ബസുകൾ സർവീസ് പൂർണമായും നിർത്തിവെച്ചതായും മൂവായിരത്തോളം ബസുകൾ ട്രിപ്പുകൾ വെട്ടിച്ചുരുക്കിയതായും സംയുക്ത സമിതി ചൂണ്ടിക്കാട്ടി.
അതിനിടെ, പ്രിയദർശിനി പദ്ധതിക്കെതിരെ മറ്റൊരു വിഭാഗം ഉടമകൾ സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ.കെ. തോമസ്, വൈസ് പ്രസിഡൻ്റ് ശരണ്യ മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തിരുവനന്തപുരത്ത് നിരാഹാര സമരം നടക്കുന്നത്.














Leave a Reply