കാഞ്ഞങ്ങാട്: പുല്ലൂർ വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ കവർച്ച. നടപ്പന്തലിൽ സ്ഥാപിച്ചിരുന്ന ഭണ്ഡാരം കുത്തിത്തുറന്ന് അതിലുണ്ടായിരുന്ന പതിനയ്യായിരത്തോളം രൂപ കവർന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപെട്ടത്.
ക്ഷേത്രത്തിന്റെ മുൻവശത്തെ ഗേറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. തുടർന്ന് നടപ്പന്തലിൽ സ്ഥാപിച്ചിരുന്ന സ്റ്റീൽ ഭണ്ഡാരം പൊളിച്ച് പണം കവരുകയായിരുന്നു. തിങ്കളാഴ്ച രാത്രി എട്ടു മണിക്കും ചൊവ്വാഴ്ച പുലർച്ചെ 4.15 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. പുലർച്ചെ ക്ഷേത്രത്തിലെത്തിയപ്പോഴാണ് സംഭവം കണ്ടതെന്ന് ക്ഷേത്ര ട്രസ്റ്റി ചെയർമാൻ ബി. ഗംഗാധരൻ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് ക്ഷേത്ര ഭാരവാഹികൾ വിവരം അറിയിച്ചതിനെ തുടർന്ന് അമ്പലത്തറ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബി. ഗംഗാധരന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെയും ക്ഷേത്ര പരിസരത്തെയും സിസിടിവി ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.















Leave a Reply