പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് 17 വർഷം കഠിനതടവും പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 17 വർഷം കഠിനതടവും 1,25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കാസർകോട് തെരുവത്ത് സിറാമിക്സ് റോഡിലെ ശിവകുമാർ എന്ന മുന്നയെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതി രണ്ടു മാസം അധിക കഠിനതടവ് അനുഭവിക്കണം. വിവിധ വകുപ്പുകൾ പ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

2019 ഒക്ടോബർ 28-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 15 വയസ്സുകാരനെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായ പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമത്തിന് വിധേയനാക്കുകയായിരുന്നു.

സംഭവത്തിൽ കാസർകോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്പെക്ടറും നിലവിൽ ഐ.പി.എസ്.എച്ച്.ഒയുമായ മെൽബിൻ ജോസാണ്. തുടർന്ന് ഇൻസ്പെക്ടർ സി.എ. അബ്ദുൾ റഹീം അന്വേഷണം വ്യാപിപ്പിക്കുകയും അന്നത്തെ ഇൻസ്പെക്ടർ പി. രാജേഷ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പ്രിയ എ.കെ. കോടതിയിൽ ഹാജരായി.

Leave a Reply

Your email address will not be published. Required fields are marked *