മലയാള സിനിമയിൽ അടുത്ത കാലത്തായി വലിയ സ്വീകാര്യത നേടുന്ന റീ റിലീസ് ട്രെൻഡിലേക്ക് പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട കോമഡി എന്റർടെയ്നർ ചിത്രം ‘കല്യാണരാമനും’ എത്തുന്നു. 2002-ൽ പുറത്തിറങ്ങി വൻ വിജയം നേടിയ ചിത്രം 24 വർഷങ്ങൾക്ക് ശേഷമാണ് അത്യാധുനിക 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദമികവിലും വീണ്ടും പ്രേക്ഷകരിലേക്ക് എത്തുന്നത്. നടൻ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ ആരാധകർക്കുള്ള പ്രത്യേക സമ്മാനമായാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ റീ റിലീസ് പോസ്റ്റർ പുറത്തുവിട്ടത്.
ഷാഫിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ബെന്നി പി. നായരമ്പലമാണ്. ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമ്മിച്ച ഈ ചിത്രത്തിലെ രാമൻകുട്ടിയും പോഞ്ഞിക്കരയും പ്യാരിയും ഉൾപ്പെടെയുള്ള കഥാപാത്രങ്ങളും ദിലീപ് – ഇന്നസെന്റ് – സലിംകുമാർ കോമ്പിനേഷനും മലയാളികൾ ഇന്നും ആഘോഷിക്കുന്നതാണ്.
റീ റിലീസുകളിൽ ശ്രദ്ധേയമായ വിജയം കൈവരിച്ച ദേവദൂതൻ, ചോട്ടാ മുംബൈ, കിരീടം തുടങ്ങിയ സിനിമകളുടെ റീമാസ്റ്ററിംഗ് നിർവഹിച്ച ഹൈ സ്റ്റുഡിയോസ് (Hy Studioz) ആണ് കല്യാണരാമനെയും പുതിയ സാങ്കേതിക മികവിലേക്ക് മാറ്റുന്നത്.
ദിലീപിനൊപ്പം കുഞ്ചാക്കോ ബോബൻ, നവ്യ നായർ, ജ്യോതിർമയി, ലാലു അലക്സ്, ലാൽ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരന്നിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ബേണി–ഇഗ്നേഷ്യസ് ഈണം പകർന്ന ഗാനങ്ങൾ ഇന്നും ജനപ്രിയമാണ്. പി. സുകുമാർ ഛായാഗ്രഹണവും ഹരിഹരപുത്രൻ ചിത്രസംയോജനവും നിർവഹിച്ച ചിത്രത്തിന്റെ പി.ആർ.ഒ പി. ശിവപ്രസാദ് ആണ്. റീ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.








Leave a Reply