ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ കൗൺസിൽ (എംഎൽസി) തെരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ കനത്ത പരാജയത്തിന് പിന്നാലെ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ വഴിയാണ് വോട്ടിങ് നടന്നതെന്നും എന്നിട്ടും കോൺഗ്രസിന് എന്ത് നേടാനായെന്നും പ്രധാനമന്ത്രി ചോദിച്ചു. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.
“ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ബിഹാർ, കർണാടക എന്നീ നാല് വലിയ സംസ്ഥാനങ്ങളിലെ 28 സീറ്റുകളിലേക്ക് എംഎൽസി തെരഞ്ഞെടുപ്പ് നടന്നു. ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസ് എത്ര സീറ്റുകൾ നേടിയെന്ന് ഊഹിക്കാമോ?” എന്നായിരുന്നു ചിരിക്കുന്ന ഇമോജിയോടെയുള്ള മോദിയുടെ കുറിപ്പ്.
വോട്ടിങ് യന്ത്രങ്ങളിൽ (ഇവിഎം) ക്രമക്കേട് ആരോപിക്കുകയും ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങണമെന്ന് നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്ന കോൺഗ്രസിനെ ലക്ഷ്യമിട്ടാണ് മോദിയുടെ പ്രതികരണം.
നാല് സംസ്ഥാനങ്ങളിലായി നടന്ന 28 സീറ്റുകളിലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. പാർട്ടി മത്സരിച്ച ഒരിടത്ത് പോലും വിജയിക്കാനായില്ല. പ്രത്യേകിച്ച്, കോൺഗ്രസ് അധികാരത്തിലിരിക്കുന്ന കർണാടകയിൽ മത്സരിച്ച നാല് സീറ്റുകളിലും പരാജയപ്പെട്ടത് പാർട്ടിക്ക് വലിയ ആഘാതമായി.















Leave a Reply