ബെംഗളൂരു: കര്‍ണാടകയില്‍ സ്‌പെഷ്യൽ ഇന്റൻസീവ് റിവിഷന് (എസ്‌ഐആര്‍) ശേഷമുള്ള അന്തിമ വോട്ടര്‍ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ വോട്ടര്‍മാരുടെ എണ്ണത്തില്‍ 99.32 ലക്ഷത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. നിലവിലെ അന്തിമ പട്ടികയില്‍ ആകെ 4,55,00,011 വോട്ടര്‍മാരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എസ്‌ഐആര്‍ നടപടികള്‍ ആരംഭിക്കുന്നതിന് മുന്‍പ് കര്‍ണാടകയില്‍ 5,54,32,314 വോട്ടര്‍മാരുണ്ടായിരുന്നു.
1.07 കോടിയിലധികം പേരുകള്‍ ഒഴിവാക്കിക്കൊണ്ട് പ്രസിദ്ധീകരിച്ചിരുന്ന കരട് പട്ടികയുമായി താരതമ്യം ചെയ്യുമ്പോള്‍, പരിശോധനകള്‍ക്ക് ശേഷം അന്തിമ പട്ടികയിലേക്ക് 8.64 ലക്ഷം വോട്ടര്‍മാരെ പുതുതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരിശോധനയ്ക്കായി ലഭ്യമാണ്.
ലിംഗാടിസ്ഥാനത്തിലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ പുരുഷന്മാരേക്കാള്‍ കൂടുതല്‍ വനിതാ വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. 2.25 കോടി പുരുഷ വോട്ടര്‍മാര്‍ക്ക് എതിരെ 2.29 കോടി വനിതാ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചു.
എസ്‌ഐആര്‍ പരിശോധനയില്‍ താമസം മാറിയവരെന്നോ വിവരശേഖരണ സമയത്ത് കണ്ടെത്താന്‍ സാധിക്കാത്തവരെന്നോ ഉള്ള വിഭാഗത്തില്‍പ്പെടുത്തി 80.62 ലക്ഷം ആളുകളുടെ പേരുകളാണ് പ്രാഥമികമായി നീക്കം ചെയ്തിരുന്നത്. ഇതിനുപുറമെ മരണപ്പെട്ടതായി സ്ഥിരീകരിച്ച 16.39 ലക്ഷം പേരെയും, പട്ടികയില്‍ പേര് ഇരട്ടിച്ചതായി കണ്ടെത്തിയ ഏഴ് ലക്ഷത്തിലധികം ആളുകളെയും, മറ്റ് സാങ്കേതിക കാരണങ്ങളാല്‍ 3.83 ലക്ഷം പേരെയും പട്ടികയില്‍നിന്ന് ഒഴിവാക്കി.
താമസം മാറിയതിനാലോ മറ്റ് കാരണങ്ങളാലോ പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കുന്നതിനായി ഫോം 6 വഴി അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. പുതിയ വോട്ടര്‍മാരുടെ അപേക്ഷകള്‍ ഉള്‍പ്പെടെ ആകെ 7,87,534 അപേക്ഷകളാണ് ലഭിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി.














Leave a Reply