സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം

ന്യൂഡൽഹി: പ്രതിഷേധ വിലക്ക് ലംഘിച്ച് ഡൽഹി ജന്തർ മന്തറിൽ സമരം നടത്തിയ കേസിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം. ഡൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് (എസ്.ഇ.എം) കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്.

കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടിനൽകണമെന്ന ഡൽഹി പൊലീസിന്റെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി നടപടി. ഏഴ് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി അവസാനിച്ച പശ്ചാത്തലത്തിലാണ് ഇരുവർക്കും ജാമ്യം ലഭിച്ചത്.

നേരത്തെ ഇടക്കാല ജാമ്യം തേടി ഇരുവരും ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കടുത്ത വിമർശനമാണ് കോടതിയിൽനിന്ന് നേരിട്ടത്. ഇരുവരും ‘ജെൻസി’കൾ അല്ലെന്നും നേരത്തെ നൽകിയ ജാമ്യവ്യവസ്ഥകൾ ലംഘിച്ചതായും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പൊതുസമാധാനത്തിനും സുരക്ഷയ്ക്കുമായി ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിന് കൃത്യമായ ലക്ഷ്യമുണ്ടെന്നും, അവ തകർക്കുന്നത് വലിയ ക്രമസമാധാന പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും നിരീക്ഷിച്ച കോടതി ഹർജി പരിഗണിക്കാൻ വിസമ്മതിച്ചു. ഇതേത്തുടർന്ന് ഇരുവരും ഹൈക്കോടതിയിലെ ഹർജി പിൻവലിക്കുകയായിരുന്നു.

നിരോധനം നിലനിന്നിരുന്ന ജന്തർ മന്തറിലേക്ക് അതിക്രമിച്ചുകയറി പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഇരുവരുടെയും കാലാവധി, സമാധാന ബോണ്ടിലെ വ്യവസ്ഥകൾ മനഃപൂർവം ലംഘിച്ചുവെന്ന നിരീക്ഷണത്തിൽ രണ്ട് ദിവസം കൂടി നീട്ടുകയായിരുന്നു. തുടർന്നാണ് ഇന്ന് ജാമ്യവ്യവസ്ഥകൾ പൂർത്തിയാക്കി ഇരുവരെയും മോചിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *