മൈസൂരുവിൽ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ നാല് മരണം

മൈസൂരു: മൈസൂരുവിന് സമീപം സ്വകാര്യ സ്ലീപ്പർ ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ നാല് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി അഫ്താബ്, മാങ്കാവ് സ്വദേശി സജേഷ് (36) എന്നിവരാണ് മരിച്ച മലയാളികൾ. കർണാടക സ്വദേശികളായ ബസ് ഡ്രൈവറും ക്ലീനറുമാണ് മരിച്ച മറ്റ് രണ്ടുപേർ.

കർണാടകയിലെ പെരിയപട്ടണത്തിന് സമീപം ഇന്ന് പുലർച്ചെ 3.45-ഓടെയായിരുന്നു അപകടം. ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കാവേരി ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.

റോഡിൽ വീണുകിടന്ന മരം വെട്ടിച്ചുമാറ്റുന്നതിനിടെ ലോറി വലതുവശത്തേക്ക് കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പെരിയപട്ടണത്തെയും മൈസൂരുവിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പെരിയപട്ടണം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പെരിയപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *