ഡല്‍ഹി: പൊലീസിന്റെ പീസ് ബോണ്ട് ചോദ്യം ചെയ്തുള്ള ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (AISA) പ്രസിഡന്റ് നേഹ ബോറയുടെ ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി. ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദിന്റെ ബെഞ്ച് നേഹയുടെ റിട്ട് ഹര്‍ജി നിരസിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. ഒക്ടോബര്‍ 18-നാണ് ഡല്‍ഹി പൊലീസ് നേഹക്കെതിരെ നോട്ടീസ് അയച്ചത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 126, 130 വകുപ്പുകളും, 135(3) വകുപ്പും പ്രകാരമായിരുന്നു ഡല്‍ഹി പൊലീസിന്റെ നോട്ടീസ്.
സമാധാനം നിലനിര്‍ത്തുന്നതിന് 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ഒരു ആള്‍ജാമ്യവും ഹാജരാക്കണമെന്നായിരുന്നു നോട്ടീസില്‍. പിന്നാലെ തിങ്കളാഴ്ചയായിരുന്നു നേഹ നോട്ടീസിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശത്തെ തടയാന്‍ ആസൂത്രണം ചെയ്ത നീക്കമാണ് ഈ നോട്ടീസെന്നായിരുന്നു ഐസയുടെ പ്രതികരണം.
ഹര്‍ജി തള്ളിയെങ്കിലും അന്വേഷണ നടപടികളില്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കാന്‍ മജിസ്‌ട്രേറ്റിന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിനാസ്പദമായ എല്ലാ വിവരങ്ങളും രേഖകളും ഹര്‍ജിക്കാരിക്ക് നല്‍കണമെന്നും നടപടിക്രമങ്ങളില്‍ കൃത്യത പാലിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഒക്ടോബര്‍ 16-ന് മാണ്ഡി ഹൗസില്‍ നടന്ന പ്രതിഷേധത്തിനിടെ നേഹ ബോറയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടര്‍ന്ന് അന്വേഷണ കാലയളവില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി 10,000 രൂപയുടെ ബോണ്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി സ്പെഷ്യല്‍ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയായിരുന്നു.
















Leave a Reply