നൻപർകളേ… ഒടുവിൽ വീരമണിക്ക് ഇൻസ്റ്റാമാർട്ടിന്റെ വക മധുരമെത്തി

ചെന്നൈ: ദീപാവലിക്ക് മധുരം ചോദിച്ച് സമൂഹമാധ്യമങ്ങളിൽ സ്വന്തം മേൽവിലാസം വെളിപ്പെടുത്തി പുലിവാലുപിടിച്ച തമിഴ്‌നാട് മധുര സ്വദേശി വീരമണിക്ക് ഒടുവിൽ ആശ്വാസ സമ്മാനം. ഒട്ടേറെ പേർ വ്യാജ ഓർഡറുകൾ അയച്ച് വലച്ചതിന് പിന്നാലെ, പ്രമുഖ ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗി ഇൻസ്റ്റാമാർട്ട് വീരമണിക്ക് സൗജന്യമായി ഗൃഹോപകരണങ്ങളും ദീപാവലി മധുരവും സമ്മാനമായി എത്തിച്ചുനൽകി.

മിക്സി, സ്പീക്കർ, ഗ്യാസ് സ്റ്റൗ, കമ്പ്യൂട്ടർ മോണിറ്റർ തുടങ്ങിയ വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും പലഹാരങ്ങളുമാണ് ഇൻസ്റ്റാമാർട്ട് അദ്ദേഹത്തിന് നൽകിയത്. തങ്ങൾക്ക് ലഭിച്ച സർപ്രൈസ് സമ്മാനങ്ങളുടെ വീഡിയോ വീരമണി തന്നെയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഇൻസ്റ്റാമാർട്ടിന്റെ ‘ക്വിക്ക് ഇന്ത്യ മൂവ്‌മെന്റ്’ സെയിലിന്റെ ഭാഗമായാണ് ഈ സമ്മാനങ്ങൾ നൽകിയത്. ‘ഇത് കാഷ് ഓൺ ഡെലിവറി അല്ല’ എന്ന് ഇൻസ്റ്റാമാർട്ടിന്റെ ഔദ്യോഗിക പേജിൽ നിന്ന് തന്നെ ഈ വീഡിയോയ്ക്ക് താഴെ കമന്റും എത്തിയിട്ടുണ്ട്. മണിക്കൂറുകൾക്കകം ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

ദീപാവലിക്ക് ആരെങ്കിലും പലഹാരം അയച്ചുതരുമോ എന്ന് ചോദിച്ച് വിലാസവും ഫോൺ നമ്പറും പങ്കുവെച്ചുകൊണ്ടുള്ള വീരമണിയുടെ വീഡിയോയാണ് മുൻപ് വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചത്. വിലാസം പരസ്യമായതോടെ ചിലർ എ.സി, ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ വീരമണിയുടെ പേരിൽ ‘കാഷ് ഓൺ ഡെലിവറി’യായി വ്യാപകമായി ഓർഡർ ചെയ്തു. ഡെലിവറി ജീവനക്കാർ നിരന്തരം വീട്ടിലെത്തിയതോടെ പൊറുതിമുട്ടിയ വീരമണി, ദേഷ്യപ്പെട്ട് വീണ്ടും വീഡിയോ പോസ്റ്റ് ചെയ്യുകയും ശല്യം സഹിക്കാനാവാതെ വീടുവിട്ടുപോകുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ദേശീയ-അന്തർദേശീയ മാധ്യമങ്ങളിൽ വരെ വീരമണിയുടെ ഈ ദുരവസ്ഥ വലിയ വാർത്തയായിരുന്നു. നിരന്തരമായ ട്രോളുകൾക്കും ഓൺലൈൻ ഉപദ്രവങ്ങൾക്കും ഒടുവിലാണ് വീരമണിക്ക് സന്തോഷം പകർന്ന് ഇൻസ്റ്റാമാർട്ടിന്റെ സർപ്രൈസ് പാക്കേജ് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *