ബോളിയാറിലെ വാഹനാപകടം ആസൂത്രിത കൊലപാതകം; യുവാക്കളെ പിക്കപ്പ് വാനിടിച്ച് വീഴ്ത്തിയ ഡ്രൈവർ അറസ്റ്റിൽ

മംഗളൂരു: ബോളിയാറിൽ സ്കൂട്ടർ യാത്രികരായ രണ്ട് യുവാക്കൾ വാഹനാപകടത്തിൽ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് തെളിഞ്ഞു. ഉള്ളാൾ മഞ്ചനാടി സ്വദേശി മുഹമ്മദ് സുനൈദ് (23), സുഹൃത്ത് മുഹമ്മദ് അഫ്രാസ് (23) എന്നിവരാണ് കൊല്ലപ്പെട്ടത്. വാഹനാപകടമെന്ന നിലയിൽ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ, വിശദമായ അന്വേഷണത്തിനൊടുവിൽ പിക്കപ്പ് വാൻ ഡ്രൈവർ മനഃപൂർവ്വം യുവാക്കളെ ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് പിക്കപ്പ് വാൻ ഡ്രൈവർ ഹഫീസ് എന്ന അപ്പിയെ കൊണാജെ പോലീസ് അറസ്റ്റ് ചെയ്തു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103(1) പ്രകാരം കൊലപാതകക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കൊല്ലപ്പെട്ട സുനൈദിന്റെ പിതാവ് ഇസ്മായിൽ നൽകിയ പരാതിയിലാണ് നടപടി.

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30-ഓടെയാണ് സുനൈദും അഫ്രാസും സ്കൂട്ടറിൽ വീട്ടിൽ നിന്ന് പുറപ്പെട്ടത്. വൈകുന്നേരം നാല് മണിയോടെ റാന്തഡ്ക ക്രോസിന് സമീപം വെച്ച് സുഹൃത്തിന്റെ മൊബൈൽ ഫോണുമായി ബന്ധപ്പെട്ട് ഇരുവരും ഹഫീസുമായി വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് കയ്യാങ്കളി ഉണ്ടാവുകയും ചെയ്തു. ഇതിനുപിന്നാലെ യുവാക്കൾ സ്കൂട്ടറിൽ മുഡിപ്പുവിലേക്ക് തിരിച്ചു. എന്നാൽ കടുത്ത പ്രകോപനത്തിലായ ഹഫീസ് യുവാക്കളെ വകവരുത്തുകയെന്ന ഉദ്ദേശത്തോടെ സ്വന്തം പിക്കപ്പ് വാനിൽ ഇവരെ അതിവേഗം പിന്തുടരുകയായിരുന്നു.

ബോളിയാറിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപമെത്തിയപ്പോൾ ഹഫീസ് തന്റെ പിക്കപ്പ് വാൻ യുവാക്കളുടെ സ്കൂട്ടറിന്റെ പിന്നിലേക്ക് മനഃപൂർവ്വം ഇടിച്ച് കയറ്റി. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകരുകയും, റോഡിലേക്ക് തെറിച്ചുവീണ യുവാക്കൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്ന് വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞ പ്രതിയെ പോലീസ് പിന്നീട് പിടികൂടി. മുൻവൈരാഗ്യവും തർക്കത്തെത്തുടർന്നുണ്ടായ ദേഷ്യവുമാണ് കൃത്യത്തിന് കാരണമെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഇരു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *