മംഗളൂരു: നിയമാനുസൃതമായി മാംസം കൊണ്ടുപോകുന്ന വാഹനങ്ങൾ തടയുകയോ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മംഗളൂരു സിറ്റി പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 10 വർഷം വരെ തടവുശിക്ഷ ലഭിക്കാമെന്നും പോലീസ് വ്യക്തമാക്കി.
തലപ്പാടിയിൽ നിന്നും ജോക്കട്ടയിലേക്ക് അനധികൃതമായി കന്നുകാലികളെ കടത്തുന്നുണ്ടെന്നും വിവരം നൽകിയിട്ടും കങ്കനാടി പോലീസ് നടപടിയെടുത്തില്ലെന്നും ആരോപിച്ച് ബജ്റംഗ് ദൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം വന്നത്.
ഈ ആരോപണങ്ങൾ പൂർണ്ണമായും തള്ളിയ പോലീസ്, പ്രസ്തുത വാഹനത്തിൽ കശാപ്പിനായി ജീവനുള്ള കന്നുകാലികളെ കൊണ്ടുപോയിട്ടില്ലെന്ന് വ്യക്തമാക്കി. കേരളത്തിൽ നിന്ന് നിയമാനുസൃതമായി വാങ്ങി മംഗളൂരുവിലെ ലൈസൻസുള്ള കടയിലേക്ക് എത്തിച്ച മാംസമാണ് വാഹനത്തിലുണ്ടായിരുന്നത്. രേഖകൾ പരിശോധിച്ച് ഇതിന്റെ നിയമസാധുത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കർണാടകയിലെ നിയമപ്രകാരം പശുഹത്യയും അനധികൃത കന്നുകാലി കടത്തും നിരോധിക്കപ്പെട്ടതാണെന്നും ഇതിനെതിരെ ശക്തമായ നടപടി തുടരുമെന്നും പോലീസ് ആവർത്തിച്ചു. എന്നാൽ, നിയമാനുസൃതമായി ശേഖരിച്ച മാംസം വിൽക്കുന്നതിനും കൊണ്ടുപോകുന്നതിനും യാതൊരുവിധ തടസ്സങ്ങളുമില്ലെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിയമപ്രകാരം അനുവദിക്കപ്പെട്ട കാര്യങ്ങൾ തടസ്സപ്പെടുത്തുക, വാഹനങ്ങൾ തടയുക, ആളുകളെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുക എന്നിവ 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ച രാവിലെ മാംസം കൊണ്ടുപോയ വാഹനം ചിലർ ചേർന്ന് തടയാൻ ശ്രമിച്ചതായി പോലീസിന് പരാതി ലഭിച്ചിട്ടുണ്ട്. ഇതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും ആരോപണങ്ങൾ ശരിയാണെന്ന് വ്യക്തമായാൽ ഉൾപ്പെട്ടവർക്കെതിരെ കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.














Leave a Reply