കാസർകോട്: ദേശീയപാത 66 വികസനത്തിനൊപ്പം കാസർകോട് മണ്ഡലത്തിലെ കാൽനടയാത്രക്കാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. മണ്ഡലത്തിലെ അപകടസാധ്യതയുള്ളതും തിരക്കേറിയതുമായ അഞ്ച് പ്രധാന കേന്ദ്രങ്ങളിൽ പുതിയ മേൽനടപ്പാലങ്ങളുടെ (Foot Over Bridge) നിർമാണം ആരംഭിച്ചു.
ആറുവരി ദേശീയപാത യാഥാർഥ്യമായതോടെ റോഡിൻ്റെ ഇരുവശങ്ങളിലേക്കും കടന്നുപോകാൻ ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്താണ് അടിയന്തര പ്രാധാന്യത്തോടെ പുതിയ മേൽനടപ്പാലങ്ങൾ അനുവദിച്ചത്. കുന്നിൽ, സി.പി.സി.ആർ.ഐ., അടുക്കത്ത്ബയൽ, കെയർവെൽ ഹോസ്പിറ്റൽ – നുള്ളിപ്പാടി, ഇന്ദിരാനഗർ എന്നിവിടങ്ങളിലാണ് പുതിയ മേൽനടപ്പാലങ്ങൾ നിർമിക്കുന്നത്.
ദേശീയപാത പലയിടത്തും ഉയരത്തിലും വേർതിരിച്ച നിലയിലുമായതിനാൽ റോഡിൻ്റെ അപ്പുറത്തുള്ള സ്ഥാപനങ്ങളിലേക്കും ആശുപത്രികളിലേക്കും എത്താൻ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങേണ്ട അവസ്ഥയിലായിരുന്നു ജനങ്ങൾ. എന്നാൽ പുതിയ മേൽനടപ്പാലങ്ങൾ പൂർത്തിയാകുന്നതോടെ കാസർകോട് നഗരത്തോടും അനുബന്ധ പ്രദേശങ്ങളോടും ചേർന്നുനിൽക്കുന്ന ഈ മേഖലകളിലെ ജനങ്ങൾക്ക് മിനിറ്റുകൾക്കകം സുരക്ഷിതമായി അപ്പുറത്തെത്താം.
നാട്ടുകാരുടെയും വിവിധ സാമുദായിക, സാമൂഹിക സംഘടനകളുടെയും സ്കൂൾ അധികൃതരുടെയും നിരന്തരമായ നിവേദനങ്ങൾ മുൻനിർത്തി എം.എൽ.എ.യുടെയും എം.പി.യുടെയും നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളെ തുടർന്നാണ് പദ്ധതിക്ക് വേഗത്തിൽ അംഗീകാരം ലഭിച്ചത്. ദേശീയപാത അതോറിറ്റിയുടെ മേൽനോട്ടത്തിൽ അത്യാധുനിക രീതിയിലാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ അഞ്ച് മേൽനടപ്പാലങ്ങളുടെയും നിർമാണം പൂർത്തിയാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ കരാർ കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് കല്ലട്ര മാഹിൻ എം.എൽ.എ. അറിയിച്ചു.














Leave a Reply