ചെറുവത്തൂർ: കാസർകോട് ജില്ലയിലെ ബ്രിട്ടീഷ് ഭരണകാല നിർമിതികളിലെ അവസാനത്തെ കണ്ണിയായ ചരിത്രപ്രസിദ്ധമായ കാര്യങ്കോട് പഴയ റെയിൽവേ പാലം ഇനി ഓർമകളിലേക്ക്. റെയിൽവേയുടെ ജില്ലയിലെ ഏറ്റവും വലിയ പഴയ പാലമായ കാര്യങ്കോട് പാലം പൊളിച്ചുനീക്കുന്ന പ്രവൃത്തികൾ ആരംഭിച്ചു.
തമിഴ്നാട്ടിലെ തൃശിനാപ്പള്ളിയിലുള്ള കമ്പി നിർമാണ ഫാക്ടറിയിലേക്ക് ഇരുമ്പ് സാമഗ്രികൾ കൊണ്ടുപോകുന്നതിനായാണ് പാലം പൊളിച്ചുമാറ്റുന്നത്. ഈ മാസം 25-നകം മുഴുവൻ പാലവും പൊളിച്ചുമാറ്റാനാണ് കരാർ നൽകിയിരിക്കുന്നത്. ഇതോടെ ജില്ലയിൽ അവശേഷിച്ചിരുന്ന ഏക ബ്രിട്ടീഷ് നിർമിത റെയിൽവേ പാലവും പൂർണമായും ചരിത്രത്തിലേക്ക് വഴിമാറുകയാണ്. കുമ്പളയിൽ ബ്രിട്ടീഷുകാർ നിർമിച്ച റെയിൽവേ പാലം അഞ്ച് വർഷം മുൻപ് പൊളിച്ചു മാറ്റിയിരുന്നു.
തേജസ്വിനിപ്പുഴയുടെ തീരങ്ങളിൽ മായാത്ത ഓർമകൾ
18 കൂറ്റൻ തൂണുകളിലായി തേജസ്വിനിപ്പുഴയ്ക്ക് കുറുകെ തലയുയർത്തി നിന്നിരുന്ന ഈ പാലം പൊളിച്ചുനീക്കുമ്പോൾ ഒരു നാടിന്റെ ജീവതാളവും കൂടിയാണ് നിലയ്ക്കുന്നത്. പ്രദേശവാസികളുടെ ദിനചര്യകളിലും ഓർമകളിലും അത്രയേറെ ഇഴചേർന്നു കിടക്കുന്നതായിരുന്നു കാര്യങ്കോട് പാലം.
പാലത്തിലൂടെ നടന്നുപോകുമ്പോൾ ട്രെയിൻ എത്തിയാൽ തൂണുകൾക്ക് മുകളിലെ സുരക്ഷാ കൂടുകളിൽ കയറി നിന്നതും, സന്ധ്യാസമയങ്ങളിൽ പാലത്തിന്റെ തണലിലിരുന്ന് തേജസ്വിനിപ്പുഴയിൽ ചൂണ്ടയിട്ട് മീൻ പിടിച്ചതുമെല്ലാം നാട്ടുകാരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നു. ആത്മഹത്യ ചെയ്യാനായി പാലത്തിനു മുകളിൽ നിന്ന് ചാടിയ പലരും അത്ഭുതകരമായി രക്ഷപ്പെട്ട നിരവധി സംഭവങ്ങളും ഈ പാലത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് നാട്ടുകാർ ഓർത്തെടുക്കുന്നു. റെയിൽവേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുതിയ കോൺക്രീറ്റ് പാലം വന്നതോടെയാണ് ബ്രിട്ടീഷ് എൻജിനീയറിങ് വിസ്മയമായിരുന്ന പഴയ ഇരുമ്പ് പാലത്തിന്റെ പ്രസക്തി നഷ്ടമായതും ഒടുവിൽ പൊളിച്ചുമാറ്റലിലേക്ക് എത്തിയതും.















Leave a Reply