തൃക്കരിപ്പൂർ: തൃക്കരിപ്പൂരുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് ഒടുവിൽ വിരാമമാകുന്നു. ബീരിച്ചേരി റെയിൽവേ മേൽപ്പാല നിർമ്മാണത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പാലത്തിനും സർവീസ് റോഡിനുമായി ഏറ്റെടുക്കേണ്ട സ്ഥലത്ത് അതിർത്തി നിർണ്ണയിച്ച് കല്ലുകൾ സ്ഥാപിച്ചു. കിഫ്ബിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോയാണ് അതിർത്തി നിർണയ നടപടികൾ പൂർത്തിയാക്കിയത്.
റെയിൽവേ നേരത്തെ അംഗീകരിച്ച ജനറൽ അറേഞ്ച്മെന്റ് ഡ്രോയിംഗിന്റെ (GAD) അടിസ്ഥാനത്തിലാണ് അതിർത്തി നിശ്ചയിച്ചത്. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ അതിരുകളോടുകൂടിയ വിശദമായ ഡ്രോയിംഗ് കിറ്റ്കോ കിഫ്ബിക്ക് സമർപ്പിക്കും. തുടർന്ന് സ്ഥലം ഏറ്റെടുക്കുന്നതിനായി ചുമതലപ്പെടുത്തിയ ലാൻഡ് അക്വിസിഷൻ തഹസിൽദാർക്ക് നടപടിക്രമങ്ങൾ കൈമാറും.
കിഫ്ബി-റവന്യൂ അധികൃതരുടെ സംയുക്ത പരിശോധനയ്ക്ക് ശേഷമായിരിക്കും സ്ഥലം തിട്ടപ്പെടുത്തിക്കൊണ്ടുള്ള പ്രാഥമിക നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കുക. തുടർന്ന് സാമൂഹികാഘാത പഠനവും വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ടും ലഭ്യമായ ശേഷം സർവേ നമ്പറുകൾ ഉൾപ്പെടുത്തി ഔദ്യോഗിക വിജ്ഞാപനം ഇറക്കും. ഭൂവുടമകളുടെ പരാതികൾ പരിഹരിച്ച്, നഷ്ടപരിഹാരത്തുക നിർണ്ണയിച്ചടക്കമുള്ള അന്തിമ വിജ്ഞാപനത്തോടെ മേൽപ്പാല നിർമ്മാണത്തിന് വേഗത കൈവരും.
ആർ.ബി.ഡി.സി.കെ പ്രൊജക്ട് എൻജിനീയർമാരായ കെ. അനിൽകുമാർ, മുഹമ്മദ് അൽത്താഫ്, പ്രൊജക്ട് സീനിയർ മാനേജർ കെ. അനീഷ്, കിറ്റ്കോ പ്രൊജക്ട് എൻജിനീയർ വി. നിധിൻ, സർവേയർമാരായ യദു, ശ്യാം എന്നിവരാണ് അതിർത്തി നിർണ്ണയത്തിന് നേതൃത്വം നൽകിയത്.
കല്ലിടൽ വേളയിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സാജിദ സഫറുള്ള, റെയിൽവേ കർമ്മസമിതി വർക്കിങ് ചെയർമാൻ വി.കെ. ബാവ, കൺവീനർ ഇ. ജയചന്ദ്രൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ എം. മനു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. രജീഷ് ബാബു എന്നിവർ സന്നിഹിതരായിരുന്നു.
കൂടാതെ പഞ്ചായത്തംഗങ്ങളായ ഫായിസ് ബീരിച്ചേരി, വി.പി. സുലേഖ, എം. രാമചന്ദ്രൻ, കെ.യു. രാമദാസ്, കെ. പദ്മനാഭൻ, സർവ്വകക്ഷി പ്രതിനിധികളായ കെ.കെ. രാജേന്ദ്രൻ, വി.എം. ശ്രീധരൻ, എം. സജേഷ് കുമാർ, പി.എ. റഹ്മാൻ, എം.പി. ബിജീഷ്, വി.വി. കൃഷ്ണൻ, എ.ജി. ബഷീർ, വ്യാപാരി വ്യവസായി ഏകോപന സമിതി തൃക്കരിപ്പൂർ യൂണിറ്റ് പ്രസിഡന്റ് സി.എച്ച്. അബ്ദുൽ റഹീം തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.













Leave a Reply