അണങ്കൂരിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി; സിസി ടിവി നോക്കി ആളെ പൊക്കി, തിരികെ എടുപ്പിച്ച് നാട്ടുകാർ

കാസർകോട്: രാത്രിയുടെ മറവിൽ പൊതുസ്ഥലത്തെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയവരെ കൈയോടെ കണ്ടെത്തി മാലിന്യം തിരികെ എടുപ്പിച്ച് നാട്ടുകാർ. കാസർകോട് നഗരസഭയിലെ അണങ്കൂർ – കാപ്പിവളപ്പ് റോഡരികിലെ ചെറിയ തോട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി വാഹനത്തിലെത്തിച്ച മാലിന്യം തള്ളിയത്.

രാത്രിയോടെ പ്രദേശത്താകെ കടുത്ത ദുർഗന്ധം വമിച്ചതിനെ തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയതായി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ സംഘടിക്കുകയും സമീപത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് മാലിന്യം കൊണ്ടുവന്ന വാഹനവും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും തിരിച്ചറിയുകയുമായിരുന്നു.

തുടർന്ന് മാലിന്യം തള്ളിയവരെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയ നാട്ടുകാർ, തോട്ടിലേക്ക് ഒഴുക്കിയ മാലിന്യം തിരികെ എടുപ്പിച്ചു. പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്ന തരത്തിൽ വീണ്ടും ഇത്തരം പ്രവൃത്തികൾ ഉണ്ടായാൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും നാട്ടുകാർ വ്യക്തമാക്കി. സംഭവത്തിൽ നഗരസഭ അധികൃതർക്കും പോലീസിനും പരാതി നൽകാനൊരുങ്ങുകയാണ് പ്രദേശവാസികൾ.

Leave a Reply

Your email address will not be published. Required fields are marked *