തോൽവിയുടെ ഉത്തരവാദിത്തം എസ്.ഐ.ആറിൽ ചാർത്തി മുഖം രക്ഷിക്കാനാണ് കോൺഗ്രസ് ശ്രമം: അഡ്വ. ഉല്ലാസ് ബാബു

നീലേശ്വരം: ജനപിന്തുണ പൂർണമായും നഷ്ടപ്പെട്ടുവെന്ന തിരിച്ചറിവാണ് എൺപതിലേറെ തെരഞ്ഞെടുപ്പ് തോൽവികളുടെ ഉത്തരവാദിത്തം എസ്.ഐ.ആർ പ്രക്രിയയുടെ മേൽ ചുമത്തി ഡൽഹിയിൽ സമരം നടത്താൻ കോൺഗ്രസിനെയും സിപിഎമ്മിനെയും പ്രേരിപ്പിക്കുന്നതെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഉല്ലാസ് ബാബു. സിപിഎമ്മിന്റെ അക്രമ, അഴിമതി രാഷ്ട്രീയത്തിനെതിരെ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നീലേശ്വരം നഗരസഭ-മടിക്കൈ പഞ്ചായത്ത് അതിർത്തിയായ ചതുരക്കിണറിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോക്ക് പാർലമെന്റ് നടത്തി കോൺഗ്രസ് സ്വയം പരിഹാസ്യരാവുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ പരസ്പരം പോരടിക്കുന്ന കോൺഗ്രസും സിപിഎമ്മും ഡൽഹിയിൽ ഒന്നിച്ചാണ് സമരം ചെയ്യുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റ് ഉദ്യോഗാർത്ഥികളുടെ സമരത്തെ കേരളത്തിലെ ഭരണ-പ്രതിപക്ഷങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്. ജനകീയ പ്രശ്നങ്ങൾ ചർച്ചയാകാതിരിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ വയോജന ഇൻഷുറൻസ്, ജൽ ജീവൻ മിഷൻ പദ്ധതികൾ നടപ്പാക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ അതേ പാതയിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സഞ്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റഫേൽ കരാർ, ഇവിഎം തുടങ്ങിയ വിഷയങ്ങൾ ഉയർത്തി മോദി സർക്കാരിനെതിരെ നടത്തിയ പ്രചാരണങ്ങൾ ദയനീയമായി പരാജയപ്പെട്ടു. ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും പാഠം പഠിക്കാൻ സിപിഎം തയ്യാറാകണം. പ്രതിസന്ധികൾ മറികടക്കാനും അണികളെ ഒപ്പം നിർത്താനും രാഷ്ട്രീയ എതിരാളികളെ ആക്രമിക്കുന്ന തന്ത്രമാണ് സിപിഎം പയറ്റുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ചടങ്ങിൽ ബിജെപി കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രശാന്ത് സൗത്ത് അധ്യക്ഷത വഹിച്ചു. ബിജെപി കണ്ണൂർ മേഖല പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത്, കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി, സംസ്ഥാന കമ്മിറ്റി അംഗം എ. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, മനുലാൽ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം. ബൽരാജ്, എച്ച്.ആർ. സുകന്യ, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറിമാരായ പദ്മനാഭൻ അടുക്കം, ബിജി ബാബു, നീലേശ്വരം മണ്ഡലം പ്രസിഡന്റ് സാഗർ ചാത്തമത്ത്, മടിക്കൈ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. പ്രകാശൻ എന്നിവർ സംസാരിച്ചു.

പരിപാടിയുടെ ഭാഗമായി സിപിഎമ്മിൽ നിന്ന് രാജിവെച്ചെത്തിയ നിരവധി പ്രവർത്തകർ ബിജെപിയിൽ ചേർന്നു. ഇവരെ ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി ഷാൾ അണിയിച്ച് സ്വീകരിച്ചു. കൂലോം റോഡിൽ നിന്ന് ആരംഭിച്ച് ചതുരക്കിണറിൽ സമാപിച്ച പ്രകടനത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *