കുറഞ്ഞ പലിശയിൽ ലോൺ വാഗ്ദാനം: മഞ്ചേശ്വരത്ത് യുവാവിന് ഓൺലൈൻ തട്ടിപ്പിലൂടെ ഒരു ലക്ഷത്തിലേറെ രൂപ നഷ്ടമായി

കാസർകോട്: കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനം ചെയ്ത് ഓൺലൈൻ വഴി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെർള ചിഗുരുപാത സ്വദേശിയായ സി. ഹരീഷിനാണ് (42) തട്ടിപ്പിലൂടെ പണം നഷ്ടമായത്. 1,04,241 രൂപയാണ് പരാതിക്കാരന് നഷ്ടപ്പെട്ടത്.

നാല് ശതമാനം മാത്രം പലിശയിൽ അഞ്ച് ലക്ഷം രൂപ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. ഫേസ്ബുക്ക് വഴി അയച്ചുകിട്ടിയ വ്യാജ ലിങ്കിൽ ക്ലിക്ക് ചെയ്ത് വായ്പക്കായി അപേക്ഷിച്ചതോടെയാണ് യുവാവ് കെണിയിൽ വീണത്. പ്രോസസിങ് ഫീസ്, ഇൻഷുറൻസ് ചാർജ് തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പല തവണകളായി 1,04,241 രൂപ തട്ടിയെടുക്കുകയായിരുന്നു.

പണം അയച്ചുകൊടുത്തിട്ടും ലോൺ ലഭിക്കാതിരിക്കുകയും തട്ടിപ്പുകാർ കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്തതോടെയാണ് വഞ്ചിക്കപ്പെട്ട വിവരം യുവാവ് തിരിച്ചറിഞ്ഞത്. തുടർന്ന് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ വഴിയുള്ള ആകർഷകമായ വ്യാജ വായ്പാ പരസ്യങ്ങളിലും അജ്ഞാത ലിങ്കുകളിലും ആരും വീഴരുതെന്ന് പൊലീസ് ജാഗ്രതാ നിർദേശം നൽകി. ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയായാൽ ഉടൻ തന്നെ 1930 എന്ന സൈബർ ഹെൽപ്പ്‌ലൈൻ നമ്പറിലോ cybercrime.gov.in എന്ന പോർട്ടലിലോ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *