മീനങ്ങാടി സ്കൂൾ പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റത്തിന് സ്റ്റേ; നടപടി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റേത്

വയനാട്: മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റിയ ഉത്തരവിന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ താൽക്കാലിക സ്റ്റേ. വിനോദയാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെത്തുടർന്നാണ് പ്രിൻസിപ്പലിനെതിരെ ഭരണതലത്തിൽ സ്ഥലംമാറ്റ നടപടിയുണ്ടായത്. എന്നാൽ ചട്ടങ്ങൾ പാലിച്ചാണ് യാത്ര സംഘടിപ്പിച്ചതെന്നും രണ്ടര മാസം മുമ്പ് തന്നെ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടറുടെ (ആർ.ഡി.ഡി) അനുമതി തേടിയിരുന്നുവെന്നും ചൂണ്ടിക്കാട്ടി പ്രിൻസിപ്പൽ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു.

സ്കൂളിലെ 135 വിദ്യാർത്ഥികളുമായി ഹൈദരാബാദിലേക്ക് നടത്തിയ പഠന വിനോദയാത്രയെ തുടർന്നാണ് വിവാദങ്ങൾക്ക് തുടക്കമായത്. യാത്രയ്ക്കിടെ പ്രിൻസിപ്പലും പിടിഎ പ്രസിഡന്റും മദ്യപിച്ചെന്ന തരത്തിൽ ആരോപണങ്ങൾ ഉയരുകയും സ്കൂളിന് മുന്നിൽ പ്രതിഷേധങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു. തുടർന്ന് ഇരുവരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും പ്രിൻസിപ്പൽ മദ്യപിച്ചിരുന്നില്ലെന്ന് മെഡിക്കൽ പരിശോധനാ ഫലത്തിൽ വ്യക്തമായി.

തുടർന്ന്, ആർ.ഡി.ഡിയുടെ കൃത്യമായ അനുമതി വാങ്ങിയില്ല, മൂന്ന് ദിവസത്തെ യാത്ര അഞ്ച് ദിവസമാക്കി നീട്ടി, രാത്രിയാത്ര നടത്തി തുടങ്ങിയ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ് അധികൃതർ പ്രിൻസിപ്പലിനെതിരെ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്. എന്നാൽ ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പ്രിൻസിപ്പലിന്റെ സ്ഥലംമാറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടുദിവസമായി പഠിപ്പുമുടക്കി പ്രതിഷേധം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ സ്ഥലംമാറ്റ ഉത്തരവ് താൽക്കാലികമായി സ്റ്റേ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *