മഞ്ചേശ്വരം വെടിവെപ്പ് കേസ്: അന്തർസംസ്ഥാന കുറ്റവാളി മിയാപ്പദവിലെ റഹീം അറസ്റ്റിൽ

കാസർകോട്: മഞ്ചേശ്വരം മിയാപ്പദവ് ബട്ടിപ്പദവിൽ പട്ടാപ്പകൽ വ്യാപാരിയെ കടയിൽ കയറി വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. മിയാപ്പദവ് സ്വദേശി റഹീമി(32)നെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. കേരളത്തിലും കർണാടകയിലുമായി പതിനാറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ നേരത്തെ പിടിയിലായ കുളൂർ ചിഗുർപദെ കുന്നിൽ ഹൗസിൽ മുഹമ്മദ് സഫ്‌വാൻ എന്ന ‘വെടി സഫ്‌വാ’ന് (28) പിന്നാലെയാണ് ഇപ്പോൾ റഹീമും പിടിയിലാകുന്നത്.

ആഗസ്റ്റ് രണ്ടാം വാരത്തിലായിരുന്നു കേസിനാസ്പദമായ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ബട്ടിപ്പദവിലെ വ്യാപാരിയായ ഷുഹൈബ് മോയിൻ ഷേഖി(28)ന് നേരെയാണ് അക്രമിസംഘം വെടിയുതിർത്തത്. ഉച്ചയോടെ കാറിലെത്തിയ സംഘം കടയിൽ അതിക്രമിച്ച് കയറി ഷുഹൈബിനെ ഭീഷണിപ്പെടുത്തുകയും തുടർന്ന് വെടിയുതിർക്കുകയുമായിരുന്നു. സംഭവത്തിൽ ഖാദർ മദങ്കല്ല്, മിയാപ്പദവ് റഹീം, അബൂബക്കർ സിദ്ദിഖ്, മുഹമ്മദ് സഫ്‌വാൻ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് ഊർജിതമായ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഗുവാഡപടുപ്പിൽ വെച്ച് റഹീം സഞ്ചരിച്ചിരുന്ന കാർ മറ്റൊരു കാറിലിടിച്ച് അപകടത്തിൽപ്പെട്ടത്. അപകടസ്ഥലത്ത് നിന്ന് കാർ ഉപേക്ഷിച്ച് രക്ഷപ്പെട്ട റഹീം നാട്ടിൽത്തന്നെ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതി വലയിലായത്. ഇയാൾ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജ്, എഎസ്പി അശോക് അച്യുത് എന്നിവരുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം പൊലീസ് ഇൻസ്പെക്ടർ എം.വി. വിഷ്ണുപ്രസാദ്, എസ്ഐ ശബരി കൃഷ്ണൻ, എഎസ്ഐമാരായ രാജീവൻ, ഫിലിപ്പ് തോമസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *