ചുമയ്ക്കുന്നത് അലോസരമുണ്ടാക്കുന്നുവെന്ന് ആക്ഷേപം; ഉപ്പളയിൽ പത്രവിതരണക്കാരനെ വീട്ടിൽനിന്ന് വലിച്ചിറക്കി ക്രൂരമായി മർദിച്ചു

ഉപ്പള: ചുമയ്ക്കുന്നത് അലോസരമുണ്ടാക്കുന്നുവെന്നാരോപിച്ച് ഉപ്പളയിൽ പത്രവിതരണക്കാരന് അയൽവാസിയുടെ ക്രൂരമർദനം. ഉപ്പളയിലും പരിസരപ്രദേശങ്ങളിലും വർഷങ്ങളായി ദിനപത്രങ്ങൾ വിതരണം ചെയ്യുന്ന മണിമുണ്ട സ്വദേശി അസൈനാർക്കാണ് (58) അയൽവാസിയുടെ ക്രൂരമായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്. തലയ്ക്ക് പരുക്കേറ്റ ഇദ്ദേഹത്തിന് ആശുപത്രിയിൽ മൂന്ന് തുന്നലുകൾ ഇട്ടിട്ടുണ്ട്.

സംഭവത്തിൽ അയൽവാസിയായ മണിമുണ്ട സൈനബ മൻസിലിൽ ജംഷീദിനെതിരെ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.

ഭാര്യ അസുഖബാധിതയായി കിടപ്പിലായതിനാൽ അസൈനാർ തന്നെയാണ് വീട്ടിൽ ഭക്ഷണമുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി കടുത്ത ചുമയുണ്ടായിരുന്ന അസൈനാർ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ ചുമച്ചതാണ് അയൽവാസിയായ യുവാവിനെ പ്രകോപിപ്പിച്ചത്. ചുമയുടെ ശബ്ദം കേട്ട് ക്ഷുഭിതനായി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ ജംഷീദ്, തന്റെ ഉറക്കത്തിനും വിശ്രമത്തിനും ചുമ അലോസരമുണ്ടാക്കുന്നുവെന്ന് ആക്രോശിക്കുകയായിരുന്നു. തുടർന്ന് അസൈനാറുടെ കഴുത്തിന് പിടിച്ച് വീട്ടിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി നിലത്തിട്ട് ക്രൂരമായി മർദിച്ചു.

തുടർന്ന് സ്വന്തം വീട്ടിൽ പോയി കത്തിയെടുത്തുകൊണ്ടുവന്ന് കുത്താൻ ശ്രമിച്ചതായും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അസൈനാറെ രക്ഷപ്പെടുത്തി ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *