കാസർകോട്: നീലേശ്വരം അഴിത്തലയിൽ പത്താംക്ലാസ് വിദ്യാർത്ഥി നീരജ് സന്തോഷ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. സ്കൂളിലെ അധ്യാപകരിൽ നിന്നേറ്റ മാനസിക പീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നാരോപിച്ച് പിതാവ് സന്തോഷും കുടുംബവും കാഞ്ഞങ്ങാട് ഡിവൈ.എസ്.പിക്ക് പരാതി നൽകി. സംഭവത്തിൽ നീലേശ്വരം പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ചെറുവത്തൂർ ടെക്നിക്കൽ ഹൈസ്കൂളിലെ പത്താംതരം വിദ്യാർത്ഥിയായ നീരജിനെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ വെച്ചുണ്ടായ കടുത്ത മാനസിക സംഘർഷങ്ങളെത്തുടർന്നാണ് വിദ്യാർത്ഥി കടുംകൈ ചെയ്തതെന്നാണ് കുടുംബം പരാതിയിൽ വ്യക്തമാക്കുന്നത്.
ഒരു പെൺകുട്ടിയുമായി സൗഹൃദമുണ്ടെന്ന പേരിൽ സ്കൂളിലെ അധ്യാപകർ നീരജിനെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. ഒരു അധ്യാപകൻ രാവിലെ മുതൽ വൈകുന്നേരം വരെ കുട്ടിയെ സ്കൂളിലെ സ്റ്റോർ റൂമിൽ പൂട്ടിയിരുത്തിയിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സംഭവത്തിന് ശേഷം വീട്ടിലെത്തിയ നീരജ് ആരോടും സംസാരിക്കാൻ തയ്യാറായിരുന്നില്ലെന്നും വീട്ടുകാർ കാര്യമന്വേഷിച്ചിട്ടും ഒന്നും തുറന്നുപറഞ്ഞിരുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു.
മരണത്തിന് തൊട്ടുമുമ്പ് ഫോൺ കോൾ വന്നതിനെത്തുടർന്ന് കുട്ടി ടൗണിലേക്ക് പോയിരുന്നുവെന്നും തിരിച്ചെത്തിയ ശേഷമാണ് ആത്മഹത്യ ചെയ്തതെന്നും പിതാവ് സന്തോഷ് വ്യക്തമാക്കി. കൂടാതെ തിങ്കളാഴ്ച ആരോ മർദ്ദിച്ചതിന്റെ പാടുകൾ കുട്ടിയുടെ മുഖത്തുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു. മകന്റെ മരണത്തിലെ ദുരൂഹതകൾ പുറത്തുകൊണ്ടുവരണമെന്നും സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
അതേസമയം, വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് ബന്ധുക്കൾ ഉന്നയിച്ച ആരോപണങ്ങൾ സ്കൂൾ അധികൃതർ പൂർണ്ണമായും തള്ളി.













Leave a Reply