കാഞ്ഞങ്ങാട്: ദേശീയപാതയോരത്ത് അശ്രദ്ധമായി നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവ്വമായ നരഹത്യാക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ബെൽഗാം അംഗോൾ ബേബിൾ ഗല്ലി രഘുനാഥ് പേട്ടയിലെ റഹീം ബസപ്പൂരി (35) ആണ് അറസ്റ്റിലായത്. ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി. ഷൈനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശികളായ അനുരാഗ് മനോജ് (22), പി.യു. അനന്തകൃഷ്ണൻ (24) എന്നിവരാണ് അപകടത്തിൽ മരിച്ചത്. തിങ്കളാഴ്ച രാത്രി ബൈക്കിൽ കാഞ്ഞങ്ങാട്ടേക്ക് തെയ്യം കാണാൻ വരുന്നതിനിടെ പടന്നക്കാട് ദേശീയപാതയിൽ വെച്ചായിരുന്നു അപകടം.
ഫാൻ ബെൽറ്റ് പൊട്ടിയതിനെത്തുടർന്നാണ് ലോറി ദേശീയപാതയോരത്ത് നിർത്തിയിട്ടിരുന്നതെങ്കിലും, റോഡിൽ അശ്രദ്ധമായി വാഹനം നിർത്തിയിട്ടതാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് വിലയിരുത്തി. ദേശീയപാതയോരത്ത് വാഹനം നിർത്തിയിടാൻ പാടില്ലെന്നും, ലോറിക്ക് മുന്നിലും പിന്നിലും യാതൊരുവിധ അപായസൂചനകളും വെച്ചിരുന്നില്ലെന്നും അതിനാലാണ് ഡ്രൈവർക്കെതിരെ മനഃപൂർവ്വമായ നരഹത്യാക്കുറ്റം ചുമത്തിയതെന്നും കാഞ്ഞങ്ങാട് ഡിവൈ.എസ്.പി എം.വി. അനിൽകുമാർ വ്യക്തമാക്കി. ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.














Leave a Reply