കാറഡുക്കയുടെ അഭിമാനമായി ഐശ്വര്യ; ദേശീയ ഇന്റർ യൂണിവേഴ്സിറ്റി കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ കേരള സർവകലാശാലയ്ക്കായി തുഴയെറിയും

കാസർകോട്: പഞ്ചാബിലെ ചണ്ഡീഗഢിലുള്ള സുഖ്നാ തടാകത്തിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി കാനോയിംഗ് ആൻഡ് കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ കേരള സർവകലാശാലയെ പ്രതിനിധീകരിച്ച് കാസർകോട് കാറഡുക്ക സ്വദേശിനി ഐശ്വര്യ കൃഷ്ണൻ മത്സരിക്കുന്നു. നവംബർ ഒന്നു മുതൽ ഏഴ് വരെയാണ് ദേശീയ ചാമ്പ്യൻഷിപ്പ് നടക്കുന്നത്. കായിക രംഗത്ത് ജില്ലയ്ക്ക് അഭിമാനകരമായ മുന്നേറ്റമാണ് ഈ യുവതാരം കാഴ്ചവെക്കുന്നത്.

കൊല്ലം എസ്എൻ കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഐശ്വര്യ, കഴിഞ്ഞ മൂന്നു വർഷമായി കേരള സ്പോർട്സ് കൗൺസിലിന് കീഴിൽ കോച്ച് ജോൺ മാത്യുവിന്റെ ശിക്ഷണത്തിലാണ് കായിക പരിശീലനം നടത്തുന്നത്. കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിൽ നടന്ന ദേശീയ ഡ്രാഗൺ ബോട്ട് ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച ഐശ്വര്യ, ഒരു സ്വർണ്ണമടക്കം നാല് മെഡലുകൾ നേടിയിരുന്നു.

ആരോഗ്യവകുപ്പ് ജീവനക്കാരനായ കാറഡുക്കയിലെ കുഞ്ഞികൃഷ്ണൻ നായരുടെയും സുജാതയുടെയും മകളാണ് ഐശ്വര്യ. കുടുംബത്തിൽ നിന്നും കായികരംഗത്ത് മറ്റൊരു നേട്ടം കൂടി കാസർകോടിനുണ്ട്; ഐശ്വര്യയുടെ സഹോദരി അശ്വതി കൃഷ്ണനും കായികതാരമാണ്. ഡിസംബറിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനായുള്ള ഇന്ത്യൻ റോവിങ് ടീമിന്റെ ഭാഗമായി നിലവിൽ ഭോപ്പാലിലെ പരിശീലന ക്യാമ്പിലാണ് അശ്വതി.

Leave a Reply

Your email address will not be published. Required fields are marked *