ശ്രീകാര്യം: തലസ്ഥാനത്തെ നടുക്കിയ ശ്രീകാര്യം പ്ലസ് ടു വിദ്യാർത്ഥി അഭിരാമിന്റെ കൊലപാതകത്തിൽ ഓരോ ദിവസവും പുറത്തുവരുന്നത് സിനിമയെ വെല്ലുന്ന ആസൂത്രണ വിവരങ്ങൾ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പതിനേഴുകാരനായ മുഖ്യപ്രതി, ഇയാളുടെ കാമുകി ആനന്ദ, കൃത്യത്തിന് കൂട്ടുനിന്ന സുഹൃത്തും ഗുണ്ടാസംഘാംഗവുമായ ഉമർ എന്നിവർ ഇതിനകം റിമാൻഡിലാണ്. ഇതിന് പിന്നാലെ ഉമറിന്റെ കാമുകി ഐശ്വര്യയെയും കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.
കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകൻ ഉമറാണെന്നാണ് അന്വേഷണത്തിൽ വ്യക്തമാകുന്നത്. കൊലപാതകം നടന്ന പാങ്ങപ്പാറയിലെ തന്റെ സാന്നിധ്യം മറച്ചുവെക്കാൻ ഉമറും കാമുകി ഐശ്വര്യയും ചേർന്ന് കൃത്യമായ പ്ലാനാണ് തയാറാക്കിയത്. പോലീസ് അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ താൻ വീട്ടിലായിരുന്നുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ആദ്യ നീക്കം. ഇതിനായി ഫോൺ വീട്ടിൽ വച്ചാണ് ഉമർ കൃത്യത്തിനായി ഇറങ്ങിയത്. വെറുതെ വെക്കുക മാത്രമല്ല, കാമുകി ഐശ്വര്യയെ ഫോണിൽ വിളിച്ച് കോൾ കണക്ട് ചെയ്തുവെക്കുകയായിരുന്നു. കൊലപാതകം നടക്കുമ്പോൾ ഐശ്വര്യ ഈ കോൾ കട്ട് ചെയ്യാതെ ലൈനിൽ നിലനിർത്തി.
ഫോൺ കോളിൽ കണക്ട് ചെയ്തിട്ട ശേഷം ഉമറും പതിനേഴുകാരനും ചേർന്ന് പാങ്ങപ്പാറയിലെത്തി അഭിരാമിനെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. വഴിയിലെ സിസിടിവി ക്യാമറകളിൽ പെടാതെ അതീവ ജാഗ്രതയോടെയായിരുന്നു ഇവരുടെ സഞ്ചാരം. കൊലപാതകത്തിന് ശേഷം ഉമർ വിവരം ഐശ്വര്യയെ അറിയിച്ചു. തുടർന്ന് കൊലപാതകം നടത്തിയത് പതിനേഴുകാരൻ മാത്രമാണെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇരുവരും ചേർന്ന് വ്യാജ വാട്സാപ്പ് ചാറ്റുകൾ ഉണ്ടാക്കി തെളിവ് ചമയ്ക്കുകയും ചെയ്തു. പോലീസ് ഫോൺ പിടിച്ചെടുത്താലും താൻ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് വരുത്തിത്തീർക്കുകയായിരുന്നു ലക്ഷ്യം. പ്രായപൂർത്തിയാകാത്തതിനാൽ ശിക്ഷ കുറയുമെന്ന കണക്കുകൂട്ടലിൽ പതിനേഴുകാരനോട് കുറ്റം പൂർണ്ണമായും ഏറ്റെടുക്കാൻ നിർദേശിച്ചതും ഉമറായിരുന്നു.
അതേസമയം, കൊലപാതകം നടത്തുമ്പോൾ പതിനേഴുകാരൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ ഇന്നലെ നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തു. എന്നാൽ അഭിരാമിനെ വീട്ടിൽനിന്ന് വിളിച്ചിറക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൃതദേഹം കണ്ടെത്തിയ പരിസരത്തെ തോടും കുറ്റിക്കാടും കേന്ദ്രീകരിച്ച് പോലീസ് വിശദമായ പരിശോധന നടത്തിയെങ്കിലും ഫോൺ ഒളിപ്പിച്ച നിലയിലാണ്. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.














Leave a Reply