കോഴിമുട്ടയിൽ പുഴു മംഗളൂരുവിൽ ബ്ലിങ്കിറ്റിന് പൂട്ട്

മംഗളൂരു: പ്രമുഖ ക്വിക്ക് കൊമേഴ്‌സ് ഡെലിവറി പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിൽ (Blinkit) നിന്ന് വാങ്ങിയ മുട്ടയിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. സംഭവത്തെ തുടർന്ന് കർണാടക ആരോഗ്യവകുപ്പ് അധികൃതർ മംഗളൂരുവിലെ ബ്ലിങ്കിറ്റ് വിതരണ കേന്ദ്രത്തിൽ മിന്നൽ പരിശോധന നടത്തി.

ഓൺലൈൻ വഴി ഓർഡർ ചെയ്ത് ലഭിച്ച മുട്ട പൊട്ടിച്ചപ്പോൾ പുഴുക്കളെ കണ്ടതിനെ തുടർന്ന് ഉപഭോക്താവ് കർണാടക ആരോഗ്യവകുപ്പിന് നേരിട്ട് പരാതി നൽകുകയായിരുന്നു. പരാതി ഗൗരവമായി എടുത്ത അധികൃതർ, മംഗളൂരു ഫൽനീർ സ്ക്വയറിൽ പ്രവർത്തിക്കുന്ന ബ്ലിങ്കിറ്റ് ഔട്ട്ലെറ്റിലാണ് പരിശോധന നടത്തിയത്.

പരിശോധനയിൽ ഗുണനിലവാരമില്ലാത്തതും കേടുവന്നതുമായ നിരവധി മുട്ട പാക്കറ്റുകൾ കണ്ടെത്തി. ഇവ ഉടനടി നശിപ്പിക്കാനും വിൽപനയിൽ നിന്ന് നീക്കം ചെയ്യാനും ഉദ്യോഗസ്ഥർ കർശന നിർദേശം നൽകി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി സ്റ്റോറേജ് കേന്ദ്രത്തിന് നോട്ടീസ് നൽകുകയും താൽക്കാലികമായി അടച്ചുപൂട്ടുകയും ചെയ്തിട്ടുണ്ട്. ഓൺലൈൻ ഗ്രോസറി ആപ്പുകൾ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയെയും ഗുണനിലവാരത്തെയും കുറിച്ച് പൊതുജനങ്ങൾക്കിടയിൽ വലിയ ആശങ്കയാണ് സംഭവം സൃഷ്ടിച്ചിരിക്കുന്നത്.

ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ വീഴ്ചകൾക്കെതിരെ രാജ്യവ്യാപകമായി പരിശോധനകൾ കർശനമാകുന്നതിനിടയിലാണ് പുതിയ സംഭവം. കഴിഞ്ഞ മാസം ബെംഗളൂരുവിലെ സെപ്റ്റോ (Zepto) വെയർഹൗസിൽ നടത്തിയ പരിശോധനയിൽ ഗുരുതരമായ ശുചിത്വ ലംഘനങ്ങളും നിയമവിരുദ്ധ ലേബലിംഗും കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്രം സീൽ ചെയ്തിരുന്നു. ദിവസങ്ങൾക്ക് മുൻപ് മഹാരാഷ്ട്രയിലെ അകോലയിലും സമാനമായ ലംഘനങ്ങളെ തുടർന്ന് ബ്ലിങ്കിറ്റിന്റെ ഭക്ഷ്യ ലൈസൻസ് ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (FDA) സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *