ജാമിയ മില്ലിയയിൽ വിദ്യാർത്ഥി സമരം വിജയം കണ്ടു; യൂണിയൻ തെരഞ്ഞെടുപ്പ് അടുത്ത അധ്യയന വർഷം, അച്ചടക്ക നടപടികൾ പിൻവലിക്കും

ന്യൂഡൽഹി: വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യങ്ങൾ സർവകലാശാലാ അധികൃതർ അംഗീകരിച്ചതോടെ ജാമിയ മില്ലിയ ഇസ്ലാമിയയിൽ നടന്നുവന്ന അനിശ്ചിതകാല സമരം അവസാനിച്ചു. നീണ്ട രണ്ട് പതിറ്റാണ്ടിനു ശേഷം ക്യാമ്പസിൽ വിദ്യാർത്ഥി യൂണിയൻ പുനഃസ്ഥാപിക്കാൻ സർവകലാശാല തീരുമാനിച്ചു. ഇതോടെ നിരാഹാര സമരം അടക്കമുള്ള എല്ലാ പ്രതിഷേധങ്ങളും വിദ്യാർത്ഥികൾ അവസാനിപ്പിച്ചു.

ഹാരിസ് ബീരാൻ എംപിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന സമവായ ചർച്ചകൾക്ക് പിന്നാലെ വൈസ് ചാൻസിലർ നേരിട്ടെത്തിയാണ് വിദ്യാർത്ഥികളെ തീരുമാനങ്ങൾ അറിയിച്ചത്.

പ്രധാന തീരുമാനങ്ങൾ:

  • ഭരണഘടന അംഗീകരിക്കൽ: വിദ്യാർത്ഥി യൂണിയൻ ഭരണഘടനയുടെ അംഗീകാരവും നടപ്പാക്കലും 2027 മെയ് 15-നകം പൂർത്തിയാക്കും.
  • തെരഞ്ഞെടുപ്പ് വിജ്ഞാപനം: ഭരണഘടന അംഗീകരിച്ചതിന് ശേഷം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ പുറപ്പെടുവിക്കും.
  • തെരഞ്ഞെടുപ്പ് തീയതി: അടുത്ത അധ്യയന വർഷം ആരംഭിച്ച് ആറാഴ്ചയ്ക്കകം തെരഞ്ഞെടുപ്പ് നടത്തും. അതായത് 2027 ജൂലൈ 16-ന് ശേഷം വരുന്ന ആറ് ആഴ്ചയ്ക്കുള്ളിൽ പോളിംഗ് പൂർത്തിയാക്കും.
  • നടപടികൾ റദ്ദാക്കും: സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ചിട്ടുള്ള എല്ലാ അച്ചടക്ക നടപടികളും പൂർണ്ണമായി പിൻവലിക്കും.

തീരുമാനങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് സമരം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് സർവ്വകലാശാല രജിസ്ട്രാർ അഭ്യർത്ഥിച്ചു.

അവസാനിക്കുന്നത് 20 വർഷത്തെ കാത്തിരിപ്പ്

2006-ലാണ് ജാമിയ മില്ലിയ സർവകലാശാലയിൽ അവസാനമായി വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് നടന്നത്. അന്ന് ക്യാമ്പസിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച യൂണിയൻ തെരഞ്ഞെടുപ്പാണ് 20 വർഷത്തിന് ശേഷം വീണ്ടും പുനരാരംഭിക്കുന്നത്.

യൂണിയൻ തെരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി വിദ്യാർത്ഥികൾ ശക്തമായ പ്രക്ഷോഭത്തിലായിരുന്നു. ചീഫ് പ്രോക്ടറുടെയും സുരക്ഷാ ഉപദേഷ്ടാവിന്റെയും നേതൃത്വത്തിൽ അറുപതോളം സെക്യൂരിറ്റി ജീവനക്കാർ എത്തി സമരക്കാരുടെ കിടക്കകളും പന്തലുകളും ബലമായി നീക്കം ചെയ്യുകയും വിദ്യാർത്ഥികളെ ക്യാമ്പസിന് പുറത്തേക്ക് വലിച്ചിഴയ്ക്കുകയും ചെയ്തതോടെയാണ് സമരം രാജ്യവ്യാപക ശ്രദ്ധ നേടിയത്.

പോലീസ് നടപടിക്ക് പിന്നാലെ എൻ.എസ്.യു.ഐ, ഐസ, ജെ.എൻ.യു.എസ്.യു അടക്കമുള്ള പ്രമുഖ വിദ്യാർത്ഥി സംഘടനകൾ ജാമിയയിലെ സമരത്തിന് പിന്തുണയുമായി ക്യാമ്പസിലെത്തി. വിദ്യാർത്ഥി രോഷം കനത്തതോടെയാണ് വിഷയം ചർച്ച ചെയ്യാൻ സർവകലാശാല ഉന്നതതല സമിതിയെ നിയോഗിച്ചതും സമവായ ചർച്ചകൾക്ക് വഴിയൊരുങ്ങിയതും.

Leave a Reply

Your email address will not be published. Required fields are marked *