സംസ്ഥാന സ്‌കൂൾ കായികമേള: 100 മീറ്ററിൽ കാസർകോട് പാണത്തൂർ സ്വദേശി ജിൽഷ ജിനിലിന് സ്വർണം

കാസർകോട്: കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടമത്സരത്തിൽ കാസർകോട് പാണത്തൂർ സ്വദേശിനി ജിൽഷ ജിനിൽ സ്വർണം നേടി. 11.29 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ജിൽഷ ഈ മികച്ച നേട്ടം സ്വന്തമാക്കിയത്.

തിരുവനന്തപുരം ജി.വി. രാജ സ്പോർട്‌സ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് ജിൽഷ. 2023 മുതൽ ദേശീയ, സൗത്ത് സോൺ, സംസ്ഥാന അത്‌ലറ്റിക് മീറ്റുകളിലായി നിരവധി സ്വർണ്ണ, വെള്ളി, വെങ്കല മെഡലുകളും മീറ്റ് റെക്കോർഡുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്. ഭുവനേശ്വറിൽ നടന്ന ദേശീയ ജൂനിയർ അത്‌ലറ്റിക്‌സിലെ സ്വർണ്ണമെഡൽ ഉൾപ്പെടെ ദേശീയ-സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ച്ചവെച്ച ശേഷമാണ് ജിൽഷ സംസ്ഥാന സ്‌കൂൾ കായികമേളയിലും ഒന്നാമതെത്തിയത്.

പാണത്തൂർ വട്ടക്കയം സ്വദേശികളായ ജിനിൽ മാത്യുവിന്റെയും വി.ജെ. ജോമിയുടെയും മകളാണ് ജിൽഷ ജിനിൽ.

Leave a Reply

Your email address will not be published. Required fields are marked *